ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ മാന്ത്രികനാണ് അർജന്റീനയുടെ ഇതിഹാസം ലയണൽ മെസ്സി. കഴിഞ്ഞ ഡിസംബറിൽ ലോകകപ്പിൽ മുത്തമിടുന്ന മെസ്സിയുടെ മുഖം ആർക്കാണ് മറക്കാനാകുക. ഡിസംബർ 14ന് വ്യാഴാഴ്ച ന്യൂയോർക്കിൽ നടന്ന ലേലത്തിൽ, മെസ്സിയുടെ കഠിനാധ്വാനത്തിന്റെ വിയർപ്പ് കണികകൾ പതിഞ്ഞ ജഴ്സികൾ വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്. നിരവധി പേരാണ് ലേലത്തിൽ പങ്കെടുക്കാൻ തിരക്കുകൂട്ടിയത്.
ഫ്രാൻസിനെതിരെ ഫൈനലിന്റെ ആദ്യപകുതിയിൽ അർജന്റീനൻ നായകൻ ലയണൽ മെസ്സി ധരിച്ച ടീഷർട്ട് ഉൾപ്പെടെയാണ് ഇത്തവണ ലേലത്തിൽ വിറ്റത്. സോത്ബീസ് എന്ന ലേലക്കമ്പനിയുടെ നേതൃത്വത്തിൽ ന്യൂയോർക്കിൽ സംഘടിപ്പിച്ച ലേലത്തിൽ, ഈ വർഷം ഒരു കായിക താരവുമായി ബന്ധപ്പെട്ട് നടത്തുന്ന ഏറ്റവും ഉയർന്ന ലേലത്തുകയാണ് അവർക്ക് ലഭിച്ചത്.
ലോകകപ്പ് നടന്ന് ഒരു വർഷത്തിനിപ്പുറം ലോകകപ്പിൽ ലയണൽ മെസ്സി ധരിച്ചിരുന്ന ഫിഫ ലോകകപ്പ് ഷർട്ടുകൾ സർവ്വകാല റെക്കോർഡ് വിലയ്ക്ക് വിറ്റുപോയിരിക്കുകയാണ്. 2022 ഫിഫ ലോകകപ്പിൽ നിന്നുള്ള മെസ്സിയുടെ ആറ് അർജന്റീന ജഴ്സികൾ ന്യൂയോർക്കിൽ 7.8 ദശലക്ഷം ഡോളറിനാണ് (ഏകദേശം 65 കോടി രൂപ) ലേലം ചെയ്തിരിക്കുന്നത്. ഖത്തർ ലോകകപ്പിൽ കപ്പ് സ്വന്തമാക്കിയതിന് പുറമെ ടൂർണമെന്റിലെ താരമായും മെസ്സി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ടൂർണമെന്റിൽ സൌദി അറേബ്യയോട് ഞെട്ടിക്കുന്ന തോൽവിയേറ്റു വാങ്ങിയ ശേഷം അപ്രതീക്ഷിത കുതിപ്പാണ് അർജന്റീന നടത്തിയത്. നിശ്ചിത സമയത്തും അധികസമയത്തുമായി ആറ് ഗോളുകൾ പിറന്ന ഫൈനലിൽ, പെനാൽറ്റി ഷൂട്ടൌട്ടിലാണ് 4-2ന് അർജന്റീന വിജയമുറപ്പിച്ചത്. മെസ്സിയുടെ ഇരട്ട ഗോളുകളും എംബാപ്പെയുടെ ഹാട്രിക് ഗോളുകളും കൊണ്ട് ത്രില്ലർ പോരാട്ടമായി ഫൈനൽ മാറിയിരുന്നു.
ലോകകപ്പിലെ പ്രകടന മികവിന്റെ കരുത്തിലാണ് കരിയറിലെ എട്ടാമത്തെ ബാലൻഡിയോർ പുരസ്കാരവും മെസ്സി ഉയർത്തിയിരുന്നു. രണ്ട് ലോകകപ്പുകളിൽ പ്ലേയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം നേടാനും മെസ്സിക്ക് കഴിഞ്ഞു. ലോകകപ്പിന് പിന്നാലെ ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി വിട്ട് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലേക്കും അദ്ദേഹം കൂടുമാറിയിരുന്നു. ആദ്യ സീസണിൽ ഇന്ർ മയാമിയെ ലീഗ് ചാമ്പ്യന്മാരാക്കാനും മെസ്സിക്ക് കഴിഞ്ഞു.
Read More Sports Stories Here
- IPL 2024: നായകന്റെ കുപ്പായത്തിൽ ഹിറ്റ്മാൻ്റെ പൈതൃകം തുടരാൻ പാണ്ഡ്യയ്ക്ക് സാധിക്കുമോ?
- സച്ചിന്റെ പത്തിനൊപ്പം ധോണിയുടെ ഏഴാം നമ്പറും ഇനി മൈതാനത്തുണ്ടാകില്ല
- പ്രായം തളർത്താത്ത പോരാളി; റൊണാൾഡോ ഫാൻസിനൊരു ഹാപ്പി ന്യൂസ്
- ഐപിഎൽ താരലേലത്തിന് ഇനി വെറും ഏഴ് നാളുകൾ കൂടി; പട്ടികയിൽ വമ്പൻ സ്രാവുകൾ
- സ്വന്തം ആരാധകർക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വൻ തിരിച്ചടി
- ക്വാർട്ടറിൽ ചിറകറ്റ് വീണു കേരളം; സഞ്ജുവിന്റെ അഭാവത്തിൽ ഞെട്ടിക്കുന്ന തോല്‍വി