എട്ട് വർഷം മുമ്പ് ഹൃദയമിടിപ്പോടെ നടന്നുകയറിയ മുംബൈ ഇന്ത്യൻസിന് ഡ്രസ്സിങ്ങ് റൂമിലേക്ക് ഹാർദ്ദിക് പാണ്ഡ്യ വീണ്ടും മടങ്ങിയെത്തുകയാണ്. നീലപ്പടയുടെ നായകനായാണ് ഇത്തവണത്തെ തിരിച്ചുവരവ്. അതും രോഹിത് ശർമ്മയെന്ന അതികായൻ ഒഴിയുന്ന അതേ ഇടത്തിലേക്ക് പകരക്കാരനായും. മുംബൈ ഇന്ത്യൻസിന്റെ മധ്യനിരയിൽ ബാറ്റിങ്ങ് ഓൾറൌണ്ടറായി കളി തുടങ്ങിയ താരം, ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ അരങ്ങേറ്റ സീസണിൽ തന്നെ ചാമ്പ്യന്മാരാക്കിയ താരപരിവേഷമുള്ള നായകനാണ്. രോഹിത്തിന് പകരക്കാരനായി ഹാർദ്ദിക് വരുമ്പോൾ ഇനിയും നിരവധി ഐപിഎൽ ട്രോഫികൾ വെക്കാൻ ഷെൽഫിൽ കൂടുതൽ ഇടമൊരുക്കുകയാണ് ക്ലബ്ബ് ചെയ്യുന്നത്.
മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ച് മധ്യനിരയിലെ വിശ്വസ്തനായിരുന്നു ഹാർദ്ദിക്. പൊള്ളാർഡിനൊപ്പം ഹാർദ്ദിക് എത്രയെത്ര ഐപിഎൽ മത്സരങ്ങളിലാണ് അവരെ വിജയത്തിലേക്ക് നയിച്ചത്. മടങ്ങിവരവിൽ ഒരു ഫിനിഷറേക്കാൾ, നേതൃപാടവമാണ് ഹാർദ്ദിക്കിൽ നിന്ന് അംബാനി കുടുംബം പ്രതീക്ഷിക്കുന്നത്. ലോകകപ്പിനിടെ ഉണ്ടായ പരിക്കാണ് ഹാർദ്ദിക്കിന്റെ മനസ്സ് മാറ്റിയതെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഗുജറാത്ത് നായകനായിരിക്കെ പെട്ടെന്ന് തന്നെ അവിടം വിടാനിടയായ സാഹചര്യമെന്താണെന്ന് താരം ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല.
മുംബൈ ഇന്ത്യൻസ് ഉടമകൾ മോശം കാലത്തും തനിക്കൊപ്പം നിന്നിരുന്നു എന്നായിരുന്നു പാണ്ഡ്യയുടെ ആദ്യ പ്രതികരണം. ഇത് ഗുജറാത്തിലെ അവസാന സീസണിനെ കുറിച്ചും മാനേജ്മെന്റിന്റെ ഇടപെടലിനെക്കുറിച്ചും ചില ചോദ്യങ്ങൾ ബാക്കിവെക്കുന്നുണ്ട്. ഗുജറാത്ത് ടൈറ്റൻസ് കോച്ച് ആശിഷ് നെഹ്റയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണോ ഈ അപ്രതീക്ഷിത നീക്കത്തിന് പിന്നിലെന്നും ആരാധകർ സംശയിക്കുന്നുണ്ട്.
രോഹിത് ക്യാപ്റ്റൻസി മാത്രമേ ഒഴിഞ്ഞിട്ടുള്ളൂ. ടീമിൽ ഇനിയും വെടിക്കെട്ട് ഓപ്പണറായി തുടരുമെന്ന് തന്നെ കരുതാം. അങ്ങനെയെങ്കിൽ വർഷങ്ങളായുള്ള രോഹിത്-പാണ്ഡ്യ സൌഹൃദവും, അനുഭവപരിചയും ടീമിന് മുതൽക്കൂട്ടാകുമെന്ന് തന്നെ കരുതാം. മുംബൈയ്ക്കായി 2013ലാണ് രോഹിത് ശർമ്മ നായകന്റെ തൊപ്പിയണിയുന്നത്. പിന്നീട് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കപ്പടിച്ച നായകനെന്ന റെക്കോർഡുമായാണ് ഹിറ്റ്മാൻ പിൻസീറ്റിലേക്ക് മടങ്ങുന്നത്. ടി20 ക്രിക്കറ്റിലെ ഈ പാരമ്പര്യം തുടരാൻ അർഹതപ്പെട്ട കളിക്കാരനാണ് പാണ്ഡ്യ. ആ റോൾ അദ്ദേഹം മികച്ചതാക്കുമെന്ന് തന്നെ നമുക്ക് വിശ്വസിക്കാം.
ഈ നീക്കം രോഹിതിനും ഹാർദിക്കും ഒരുപോലെ പ്രയോജനകരമാകും. രോഹിതിന് 36 വയസ്സായി, കരിയറിന്റെ അവസാനത്തോട് അടുക്കുകയാണ്. അദ്ദേഹം രാജ്യത്തിന്റെ ഓൾ ഫോർമാറ്റ് ക്യാപ്റ്റനാണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന ഐപിഎൽ പിരിമുറുക്കം അവനെ മാനസികമായും ശാരീരികമായും ബാധിക്കും. ഐപിഎൽ നായകസ്ഥാനം എടുത്തുകളയുന്നത് അദ്ദേഹത്തിന്റെ ഭാരം കുറയ്ക്കുകയും, ഒരുപക്ഷേ ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധിക്കാനും അവസരമൊരുക്കും. കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിൽ, 30 ഇന്നിംഗ്‌സുകളിൽ നിന്ന് 600 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. പ്രഹരശേഷിയും ആവറേജും താഴേക്കായിരുന്നു.
ഹാർദിക്കിന് 30 വയസ്സാണ് പ്രായം. അവൻ ചെറുപ്പവും പരിചയസമ്പന്നനുമാണ്. തുടർച്ചയായി പരിക്കേൽക്കുന്നു എന്നതൊഴിച്ച് നിർത്തിയാൽ അയാൾ സർവ്വമേഖലകളിലും നായകനാകാൻ യോഗ്യനാണ്. മുംബൈ ഇന്ത്യൻസും ഒരു തലമുറ മാറ്റത്തിന്റെ വക്കിലാണ്. പഴയ സിംഹങ്ങൾ പടിയിറങ്ങുമ്പോൾ ടീമിലെ യുവനിരയെ ഒരുക്കിയെടുക്കാൻ അവർക്ക് വേണ്ടത് ഹാർദ്ദിക്കിനെ പോലൊരു നേതാവിനെയാണ്.
സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഡെവാൾഡ് ബ്രെവിസ് പോലുള്ള കഴിവുള്ള യുവനിരയെ അദ്ദേഹത്തിന് വീണ്ടും കിരീട നേട്ടങ്ങളിലേക്ക് നയിക്കാനാകും എന്നാണ് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. മുംബൈ ജഴ്സിയിൽ രോഹിത്തിന്റെ പൈതൃകം കാത്തുസൂക്ഷിച്ച്, സ്വന്തം പൈതൃകം ഉണ്ടാക്കിയെടുക്കുക എന്നത് ഹാർദിക്ക് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.
Read More Sports Stories Here
- സച്ചിന്റെ പത്തിനൊപ്പം ധോണിയുടെ ഏഴാം നമ്പറും ഇനി മൈതാനത്തുണ്ടാകില്ല
- പ്രായം തളർത്താത്ത പോരാളി; റൊണാൾഡോ ഫാൻസിനൊരു ഹാപ്പി ന്യൂസ്
- ഐപിഎൽ താരലേലത്തിന് ഇനി വെറും ഏഴ് നാളുകൾ കൂടി; പട്ടികയിൽ വമ്പൻ സ്രാവുകൾ
- സ്വന്തം ആരാധകർക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വൻ തിരിച്ചടി
- ക്വാർട്ടറിൽ ചിറകറ്റ് വീണു കേരളം; സഞ്ജുവിന്റെ അഭാവത്തിൽ ഞെട്ടിക്കുന്ന തോല്‍വി