മഴ കളിച്ച ആദ്യ രണ്ട് മത്സരങ്ങളും തിരിച്ചടിയായപ്പോൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ 1-0ന് പിന്നിലാണ് ടീം ഇന്ത്യ. ഓസ്ട്രേലിയയെ 4-1ന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ ദക്ഷിണാഫ്രിക്കയിലെത്തിയ സൂര്യകുമാർ യാദവിനും സംഘത്തിനും ഇന്ന് പരമ്പര സമനിലയാക്കാനുള്ള സുവർണാവസരമാണിത്. തോറ്റാൽ അത് വലിയ നാണക്കേടാകും. രാത്രി 8.30ന് ന്യൂ വാന്‍ഡറേര്‍സ് സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ മത്സരം മഴ മുടക്കിയപ്പോള്‍, രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര ഉറപ്പിക്കാൻ ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. അതിനാൽ പോരാട്ടം തീപാറുമെന്നുറപ്പ്. വാന്‍ഡറേഴ്സില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
രണ്ടാം ടി20യില്‍ ഓപ്പണര്‍മാരായ യശസ്വി ജെയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും ഗോൾഡൻ ഡക്കായത് ഇന്ത്യൻ തുടക്കം പതുക്കെയാക്കിയിരുന്നു. ഇരുവര്‍ക്കും റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചിരുന്നില്ല. അസുഖത്തെ തുടര്‍ന്ന് കളിക്കാതിരുന്ന റുതുരാജ് ഗെയ്ക്ക് വാദിന് പകരമാണ് ഗില്‍ എത്തിയത്. റുതുരാജ് ഫിറ്റ്നസ് വീണ്ടെടുത്താല്‍ ഗില്‍ പുറത്താവും. ഫോമിലുള്ള തിലക് വര്‍മ്മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും മൂന്നും നാലും സ്ഥാനങ്ങളിൽ ബാറ്റ് വീശും.
സ്റ്റാർ ഫിനിഷർ റിങ്കു സിങ്ങും കഴിഞ്ഞ മത്സരത്തില്‍ 39 പന്തില്‍ പുറത്താവാതെ 68 റണ്‍സ് നേടി ഫോമിലാണെന്ന് തെളിയിച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയ്ക്ക് പകരം ഇഷാന്‍ കിഷന്‍ ടീമിലെത്താൻ സാധ്യതയുണ്ട്. സ്പിന്നർമാരായി രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും തുടരും. അര്‍ഷ്ദീപ് സിംഗിന് പകരം ദീപക് ചാഹറിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. മുകേഷ് കുമാറും മുഹമ്മദ് സിറാജും തുടരും.
ഇന്ത്യ സാധ്യതാ ഇലവന്‍: യശസ്വി ജെയ്‌സ്വാൾ, ശുഭ്മാന്‍ ഗില്‍/ റുതുരാജ് ഗെയ്ക്ക്വാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.
മത്സരം സൗജന്യമായി എവിടെ കാണാം?
ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കാണ് ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പര തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ മത്സരം ലൈവ് സ്ട്രീം ചെയ്യും. മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹോട്ട് സ്റ്റാറില്‍ മത്സരം സൗജന്യമായി കാണാനാകും.