പ്രായം തളർത്താത്ത പോരാളിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന പോർച്ചുഗീസ് ഇതിഹാസ ഫുട്ബോളർ. ഖത്തർ ലോകകപ്പോടെ ക്രിസ്റ്റ്യാനോ യുഗം അവസാനിച്ചെന്ന് വിലയിരുത്തിയവർക്കെല്ലാം കലണ്ടർ വർഷം 50 ഗോൾ നേട്ടവുമായി മറുപടി നൽകിയിരിക്കുകയാണ് ഈ 38കാരൻ. കഠിനാധ്വാനത്തിന്റേയും ഇച്ഛാശക്തിയുടെയും ഉദാത്തമായ മാതൃക തീർക്കുന്ന ഈ താരം, ഗോൾവേട്ടയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ എർലിങ്ങ് ഹാലണ്ടിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ്.
ഇന്നലെ കിങ്സ് കപ്പ് ക്വാർട്ടർ ഫൈനലിൽ അൽ ഷബാബിനെ 5-2ന് കീഴടക്കി ക്രിസ്റ്റ്യാനോയുടെ മഞ്ഞപ്പടയായ അൽ നാസർ സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തിരുന്നു. മത്സരത്തിൽ 74ാം മിനിറ്റിൽ ഒക്ടാവിയോ നൽകിയ പാസിൽ നിന്ന് മനോഹരമായൊരു ഗോൾ നേടിയാണ് റൊണാൾഡോ 2023ലെ അമ്പതാം ഗോൾ സ്വന്തമാക്കിയത്. 56ാം മത്സരത്തിൽ നിന്നാണ് താരത്തിന്റെ ഈ നേട്ടം. ഈ വർഷം അൽ നാസറിനായി 40 ഗോളും പോർച്ചുഗലിനായി 10 ഗോളുകളുമാണ് താരം നേടിയത്.
ഹാരി കെയ്ൻ, കിലിയൻ എംബാപ്പെ എന്നിവർ 49 ഗോളുകളുമായി ക്രിസ്റ്റ്യാനോയ്ക്കും ഹാലണ്ടിനും ഭീഷണി ഉയർത്തുന്നുണ്ട്. സൗദി പ്രോ ലീഗിൽ, ഈ സീസണിൽ 16 ഗോൾ നേടിയ ക്രിസ്റ്റ്യാനോ, 1200 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി 869 ഗോളുകളാണ് രാജ്യത്തിനും ക്ലബുകൾക്കുമായി നേടിയത്. ഈ സീസണിൽ 15 മത്സരങ്ങളിൽ 16 ഗോളും 8 അസിസ്റ്റും ഉൾപ്പെടെ 24 ഗോൾ സംഭാവനകളാണ് ഇതുവരെ ചെയ്തത്.
അതേസമയം, അൽ ആലാമി ഫാൻസിനായി ഒരു സന്തോഷ വാർത്ത കൂടി ക്രിസ്റ്റ്യാനോ പങ്കുവച്ചിട്ടുണ്ട്. അൽ നസർ ക്ലബ്ബിനൊപ്പം ചുരുങ്ങിയത് അഞ്ച് കിരീടമെങ്കിലും നേടാതെ വിരമിക്കില്ലെന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ വ്യക്തമാക്കിയത്. “ലോകത്തിലെ ഏറ്റവും മികച്ച ആരാധക കൂട്ടായ്മയാണ് അൽ നസറിലേത്. എന്റെ ജീവിത കാലത്ത് ഞാൻ ഈ ആരാധകരെ മറക്കില്ല,” ഇതിഹാസ താരം പറഞ്ഞു.
16 മത്സരങ്ങളിൽ 12 ജയവും ഒരു സമനിലയും മൂന്ന് തോൽവിയുമായി 37 പോയിന്റുമായി അൽ നസർ ലീഗിൽ രണ്ടാം സ്ഥാനത്താണ്. അവർ സീസണിലെ പകുതി മത്സരങ്ങൾക്ക് അരികെ നിൽക്കുമ്പോൾ 7 പോയിന്റിന്റെ വ്യത്യാസമാണ് അൽ ഹിലാലുമായുള്ളത്. ഈ സീസണിൽ ഇതുവരെ തോൽവി അറിയാത്ത അൽ ഹിലാലിനെ വീഴ്ത്തി മുന്നേറുക ഏറെക്കുറെ അസാധ്യമാണെന്നാണ് വിലയിരുത്തൽ.
Read More Sports Stories Here
- ഐപിഎൽ താരലേലത്തിന് ഇനി വെറും ഏഴ് നാളുകൾ കൂടി; പട്ടികയിൽ വമ്പൻ സ്രാവുകൾ
- മഴപ്പേടിയിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 പോരാട്ടം ഇന്ന്; മത്സരം എങ്ങനെ കാണാം?
- ഐപിഎൽ താരലേലത്തിന് ഇനി വെറും ഏഴ് നാളുകൾ കൂടി; താലലേല പട്ടികയിൽ വമ്പൻ സ്രാവുകൾ
- സ്വന്തം ആരാധകർക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വൻ തിരിച്ചടി
- ക്വാർട്ടറിൽ ചിറകറ്റ് വീണു കേരളം; സഞ്ജുവിന്റെ അഭാവത്തിൽ ഞെട്ടിക്കുന്ന തോല്‍വി