വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്‍റിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ മഹാരാഷ്‌ട്രക്കെതിരെ കൂറ്റൻ റൺമല ഉയർത്തി കേരളം. ഓപ്പണര്‍മാർ ഇരുവരും സെഞ്ചുറികളുമായി തിളങ്ങിയപ്പോൾ വിജയ് ഹസാരെ ടൂർണമെന്റിൽ കേരളം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് വാരിയത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റിന് 383 റണ്‍സെടുത്തു. ഓപ്പണര്‍മാരായ രോഹന്‍ എസ് കുന്നുമ്മലും കൃഷ്‌ണ പ്രസാദും ആദ്യ വിക്കറ്റില്‍ 34.1 ഓവറില്‍ 218 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു.
കൃഷ്‌ണ പ്രസാദ് (137 പന്തില്‍ 144), രോഹൻ എസ് കുന്നുമ്മൽ (95 പന്തില്‍ 120) റണ്‍സെടുത്ത് മടങ്ങി. സഞ്ജു സാംസണ്‍ (25 പന്തില്‍ 29), വിഷ്‌ണു വിനോദ് (23 പന്തില്‍ 43), അബ്ദുള്‍ ബാസിത് (18 പന്തില്‍ 35*) എന്നിവരും കേരളത്തിനായി തിളങ്ങി. ടോസ് നേടിയ മഹാരാഷ്‌ട്ര ക്യാപ്റ്റൻ കേദാര്‍ ജാദവ് കേരളത്തെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ പിച്ചില്‍ കേരള ഓപ്പണർമാർ കരുതലോടെയാണ് ബാറ്റ് വീശിയത്.
രോഹന്‍ 53 പന്തിലും കൃഷ്‌ണ പ്രസാദ് 63 പന്തിലും ഫിഫ്റ്റി നേടി മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഇതിന് ശേഷം ഗിയര്‍ മാറ്റിയ രോഹന്‍ 83 പന്തിലും, കൃഷ്‌ണ പ്രസാദ് 114 പന്തിലും സെഞ്ചുറി തികച്ചു. 137 പന്തില്‍ 13 ഫോറും 4 സിക്‌സും ഉള്‍പ്പടെ 144 റണ്‍സാണ് പ്രസാദ് അടിച്ചുകൂട്ടിയത്. പ്രസാദിന്‍റെ ആദ്യ ലിസ്റ്റ് എ സെഞ്ചുറിയാണിത്. 35-ാം ഓവറിലെ ആദ്യ പന്തില്‍ ടീം സ്കോര്‍ 218ല്‍ നില്‍ക്കേ രോഹൻ പുറത്തായി. 95 പന്തില്‍ 18 ഫോറും ഒരു സിക്‌സും സഹിതം 120 റണ്‍സെടുത്ത രോഹനെ കാസിയാണ് മടക്കിയത്.
വണ്‍ഡൗണായി ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ 29 റൺസെടുത്ത് മടങ്ങി. നാല് ഫോറുകളാണ് താരം അടിച്ചത്. ടീം സ്കോർ 292ൽ നിൽക്കെ രാമകൃഷ്ണ ഘോഷിനെ വലിച്ചടിക്കാനുള്ള ശ്രമത്തില്‍ സഞ്ജു 42.1 ഓവറില്‍ ക്ലീൻ ബൗള്‍ഡായി. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ സഞ്ജുവിന്റെ മറ്റൊരു വെട്ടിക്കെട്ട് ബാറ്റിങ്ങ് കാണാനിരുന്ന ആരാധകർക്ക് നിരാശയായിരുന്നു ഫലം. സച്ചിന്‍ ബേബി (2 പന്തില്‍ 1*) പുറത്താവാതെ നിന്നു.
മഹാരാഷ്ട്ര ബൗളർമാരെല്ലാം നല്ലോണം തല്ലുവാങ്ങി. വലിയ സ്കോർ പ്രതിരോധിക്കാനായാൽ കേരളത്തിന് ക്വാർട്ടർ ഫൈനലിലെത്താം. രാജസ്ഥാനെയാണ് ക്വാർട്ടർ ഫൈനലിൽ കേരള ടീമിന് നേരിടേണ്ടി വരിക.
Read More Sports Stories Here
- ഗോൾവേട്ട തുടർന്ന് റൊണാൾഡോ, പിന്നാലെ അതിമനോഹരമായൊരു അസിസ്റ്റും
- “ഗംഭീർ എന്നെ വാതുവെപ്പുകാരനെന്ന് വിളിച്ചു”; ശ്രീശാന്തിന്റെ പുതിയ വെളിപ്പെടുത്തൽ വീഡിയോ
- സഞ്ജുവിന്റെ സെഞ്ചുറി പാഴായിട്ടില്ല; കേരളത്തിന് ഇനിയും വിജയ് ഹസാരെ ട്രോഫി നേടാം
- കോഹ്ലിക്കൊപ്പം നീല ജഴ്സിയിൽ തിളങ്ങി അനുഷ്ക; വൈറൽ ചിത്രങ്ങൾ കാണാം
- സൂര്യയല്ല, ടി20യിൽ അമ്പരപ്പിക്കുന്ന കുതിപ്പുമായി ഈ ഇന്ത്യൻ വെടിക്കെട്ട് ബാറ്റർ