ഐസിസിയുടെ ടി20 റാങ്കിങ്ങിൽ അപ്രതീക്ഷിത കുതിപ്പുമായി രണ്ട് ഇന്ത്യൻ താരങ്ങൾ. ബാറ്റർമാരുടെ ടി20 റാങ്കിങ്ങിൽ ഇന്ത്യയുടെ സൂര്യകുമാർ യാദവ് തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 881 റേറ്റിങ്ങ് പോയിന്റോടെ രണ്ടാമതുള്ള പാക് താരം മുഹമ്മദ് റിസ്വാനേക്കാൾ (787) ബഹുദൂരം മുന്നിലാണ് സൂര്യ. എന്നാൽ, പുതിയ റാങ്കിങ് പ്രകാരം അമ്പരപ്പിക്കുന്ന മുന്നേറ്റം നടത്തിയത് ഇന്ത്യൻ ഓപ്പണറായ റുതുരാജ് ഗെയ്ക്ക്‌വാദാണ്.
ഒറ്റയടിക്ക് 56 സ്ഥാനങ്ങൾ മുന്നോട്ട് കയറി കരിയറിൽ ആദ്യ ഐസിസി റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടം നേടാനും താരത്തിനായി. 673 റാങ്കിങ് പോയിന്റുകളാണ് റുതുരാജ് സ്വന്തമാക്കിയത്. ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ അമ്പരപ്പിക്കുന്ന പ്രകടനമാണ് യുവ ഇന്ത്യൻ ഓപ്പണർ നടത്തിയത്.
ബൌളർമാരുടെ ഐസിസി ടി20 റാങ്കിങ്ങിലും അപ്രതീക്ഷിത കുതിപ്പ് നടത്തി ഇന്ത്യൻ യുവ സ്പിന്നർ രവി ബിഷ്ണോയി. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ രവി ബിഷ്ണോയി കരിയറിൽ ആദ്യമായി ആദ്യ പത്തിനുള്ളിൽ ഇടംപിടിച്ചു. ആറ് സ്ഥാനങ്ങൾ മുന്നോട്ടേക്ക് കയറി റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ് രവി ഇപ്പോഴുള്ളത്. 665 റേറ്റിങ് പോയിന്റുകളാണ് താരത്തിന് സ്വന്തമായുള്ളത്.
റാഷിദ് ഖാൻ (692), വനിന്ദു ഹസരംഗ (679), ആദിൽ റഷീദ് (679), മഹീഷ് തീക്ഷണ (677) എന്നിവരാണ് ബിഷ്ണോയിക്ക് മുന്നിലുള്ളത്. അതിവേഗ ഗൂഗ്ലികൾ എറിഞ്ഞ് ബാറ്റർമാരെ നട്ടംതിരിക്കുന്ന രവി ബിഷ്ണോയി ഭാവിയിൽ ഇന്ത്യൻ ടീമിന് മുതൽക്കൂട്ടാകുമെന്ന് ഉറപ്പാണ്. ഓരോ മത്സരം കഴിയും തോറും മെച്ചപ്പെട്ട പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റെടുത്ത് പരമ്പരയിലെ താരമായും ബിഷ്ണോയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.