2011 ലോകകപ്പിന് സമാനമായി അഹമ്മദാബാദിലും ഇന്ത്യയുടെ തുടക്കം. ശ്രീലങ്കയ്ക്കെതിരായ ഫൈനലിൽ നാല് റൺസെടുത്തായിരുന്നു അന്ന് ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സച്ചിൻ പുറത്തായത്. അപ്രതീക്ഷിതമായിരുന്നു സച്ചിന്റെ റണ്ണൌട്ട്. മുംബൈ വാംഖഡെ സ്റ്റേഡിയത്തെ അക്ഷരാർത്ഥത്തിൽ നിശബ്ദമാക്കുന്നതായിരുന്നു സച്ചിന്റെ ആ പുറത്താകൽ. പിന്നീട് ഗൌതം ഗംഭീറിന്റേയും ധോണിയുടേയുമെല്ലാം കരുത്തിൽ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ വിജയതീരമണഞ്ഞത് അത്ഭുതകരമായിരുന്നു.
2023ൽ ചരിത്രം ആവർത്തിക്കുന്നതിന്റെ സൂചനകളാണ് കാണാനാകുന്നത്. ഇന്ത്യൻ ഓപ്പണറായ ശുഭ്മൻ ഗില്ലിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടപ്പെട്ടത്. ശുഭ്മൻ ഗില്ലും സച്ചിനെ പോലെ തന്നെ നാല് റൺസെടുത്താണ് പുറത്തായത്. മിച്ചെൽ സ്റ്റാർക്കിന്റെ പന്തിൽ ആദം സാമ്പയാണ് ഗില്ലിനെ ക്യാച്ചെടുത്ത് പുറത്താക്കിയത്. തകർപ്പൻ ഫോമിലുള്ള ഗിൽ തുടക്കത്തിലേ പുറത്തായത് ഇന്ത്യൻ ആരാധകർക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചത്. എന്നാലും 2011 ലോകകപ്പിന് സമാനമായി ഇന്ത്യ തിരിച്ചുവരുമന്ന പ്രതീക്ഷയിലാണ് ഫാൻസ്.
സച്ചിന്റെ മകൾ സാറ ടെണ്ടുൽക്കറുമായി ഡേറ്റിങ്ങിലാണ് ശുഭ്മൻ ഗില്ലെന്ന് ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ച് നിൽക്കുന്ന മോർഫ് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങളെല്ലാം കാണാൻ സാറ പതിവായി എത്താറുമുണ്ട്. മുംബൈ മത്സരത്തിൽ ഗിൽ പുറത്തായപ്പോഴുള്ള സാറയുടെ റിയാക്ഷൻ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഫീൽഡിങ്ങിൽ മികച്ച നിലവാരമാണ് ഓസ്ട്രേലിയൻ താരങ്ങൾ ഈ ലോകകപ്പിൽ പുറത്തെടുക്കുന്നത്. സെമി ഫൈനലിൽ ഡേവിഡ് വാർണറുടെ നേതൃത്വത്തിലുള്ള ഫീൽഡർമാർ ഓസീസ് ബൌളർമാർക്ക് തകർപ്പൻ പിന്തുണയാണ് സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കയുടെ പേരുകേട്ട വെടിക്കെട്ട് ബാറ്റർമാരെ സിംഗിളെടുക്കാൻ പോലും അനുവദിക്കാതെ ഓസീസ് വലച്ചിരുന്നു. അതേസമയം, ഇന്ന് ഇന്ത്യയുടെ ഹിറ്റ്മാൻ ആദ്യ ഓവർ ഒഴികെ ഓസീസ് ബൌളർമാരെ ബഹുമാനിക്കാൻ തയ്യാറായിരുന്നില്ല. 31 പന്തിൽ മൂന്ന് സിക്സും നാല് ഫോറുകളും പറത്തി തകർപ്പൻ ഫോമിലായിരുന്നു രോഹിത്ത്.
രോഹിത്തിനെ കുടുക്കാനായി മാക്സ് വെല്ലിനെ പത്താം ഓവർ ഏൽപ്പിച്ച പാറ്റ് കമ്മിൻസിന് പിഴച്ചില്ല. ഓവറിലെ നാലാം പന്ത് ഉയർത്തിയടിക്കാനുള്ള രോഹിത്തിന്റെ ശ്രമം പാളി. അതിമനോഹരമായൊരു ബാക്ക് വാർഡ് റണ്ണിങ്ങ് ക്യാച്ചിലൂടെ സെമി ഫൈനലിലെ ഓസീസ് ഹീറോ ട്രാവിസ് ഹെഡ്ഡ് ക്യാച്ചെടുത്ത് പുറത്താക്കി. നാല് റൺസെടുത്ത ശ്രേയസ് അയ്യരെയും പാറ്റ് കമ്മിൻസും മടക്കി.