‘ജെന്‌റില്‍മാന്‍സ് സ്‌പോര്‍ട്‌സ്’ എന്നറിയപ്പെടുന്ന ക്രിക്കറ്റിലെ ഏറ്റവും സൗമ്യനും, സുന്ദരമായ ചിരിയ്ക്ക് ഉടമയുമായ കളിക്കാരനാരെന്ന ചോദ്യത്തിന്, ആദ്യ മനസിലേക്ക് വരുന്നൊരു താരമാണ് രാഹുൽ ദ്രാവിഡ്. ഇക്കാര്യത്തിൽ സച്ചിനും മേലെയാണ് ദ്രാവിഡ് എന്ന് പറഞ്ഞാൽ, യഥാർത്ഥ ക്രിക്കറ്റ് പ്രേമികൾക്ക് എതിരഭിപ്രായം കാണില്ലെന്ന് വിശ്വസിക്കുന്നു.
വർഷങ്ങൾക്ക് മുമ്പ് ഹർഭജൻ സിങ് സൈമണ്ട്സ് ഉൾപ്പെടെയുള്ള ഓസീസ് താരങ്ങളെ പച്ചയ്ക്ക് തെറിവിളിച്ചപ്പോൾ, ദൃക്സാക്ഷിയായിരുന്ന സച്ചിൻ പിന്നീട് ഐസിസിയുടെ അന്വേഷണത്തിൽ, താനൊന്നും കേട്ടില്ലെന്ന തരത്തിൽ മറുപടി പറഞ്ഞത് മാത്രമാണ് ഇവിടെ അപവാദമെന്ന് പറയാനുള്ളൊരു സാഹചര്യമുള്ളൂ.
ഒരേയൊരു ‘ദി ഗ്രേറ്റ് ഇന്ത്യൻ വാൾ’
2007ൽ ലോകകപ്പിന്റെ ആദ്യ റൌണ്ടിൽ ഇന്ത്യൻ ടീം പുറത്താകുമ്പോൾ അന്നത്തെ ടീമിന്റെ ക്യാപ്റ്റനായിരുന്നു രാഹുൽ ദ്രാവിഡ്. എന്നാൽ, 2023 ആകുമ്പോൾ കോച്ച് എന്ന നിലയിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിക്കുമ്പോൾ, ദിശാബോധമുള്ള ദ്രോണാചാര്യനായി അദ്ദേഹം ചരിത്രം രചിക്കുകയാണ്. പരിശീലകന്റെ റോളിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിത്വമായി ഈ മുൻ ഇന്ത്യൻ താരം മാറുകയാണ്.
ടെസ്റ്റ് ക്രിക്കറ്റിൽ സാങ്കേതിക തികവുറ്റ പ്രതിരോധ തന്ത്രങ്ങളും സ്റ്റൈലിഷ് ഷോട്ടുകളും കൊണ്ട് ‘ദി ഗ്രേറ്റ് ഇന്ത്യൻ വാൾ’ (ഇന്ത്യയുടെ വന്മതിൽ) എന്ന് എതിരാളികളെ കൊണ്ട് പറയിപ്പിച്ച പ്രതിഭാധനനായ ക്രിക്കറ്ററിൽ, ഇന്ത്യയുടെ ക്രിക്കറ്റ് ഭാവി സുരക്ഷിതമാണെന്ന് തന്നെ ബിസിസിഐയും, ലോകമെമ്പാടുമുള്ള ഇന്ത്യൻ ആരാധകരും വിശ്വസിച്ചു. പ്രധാനപ്പെട്ട ഐസിസി ട്രോഫികൾ ഒരെണ്ണം പോലും ബിസിസിഐ ഓഫീസിലെ ഷെൽഫിൽ എത്തിയിട്ടില്ലെന്ന യാഥാർത്ഥ്യം മാത്രമെ, ഇതിനെല്ലാം അപവാദമായി എതിരാളികൾക്ക് ചൂണ്ടിക്കാണിക്കാനാകൂ.
ദ്രാവിഡ് എന്ന നിശബ്ദനായ പോരാളി
ഇന്ത്യയുടെ യുവനിരയെ വരുംകാല പോരാട്ടങ്ങൾക്ക് സജ്ജമാക്കുകയെന്ന ഭാരിച്ച ദൌത്യമാണ് രാഹുൽ ദ്രാവിഡ് എന്ന നിശബ്ദനായ പോരാളി ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിൽ ഒരിക്കലും പ്രതിഭകൾക്ക് പഞ്ഞമുണ്ടായിട്ടില്ലെന്നത് നേര് തന്നെ. എന്നാലും, മാറിയ കാലത്ത് മൂന്ന് ഫോർമാറ്റുകളിലേക്കും അനുയോജ്യരായ യുവപ്രതിഭകളെ വളർത്തിയെടുക്കുക എന്നത്, ഒട്ടും എളുപ്പമുള്ള കാര്യമല്ല. യുവതാരങ്ങളെ പതിവായി ടീമിലെടുക്കുകയും, ഒരു അവസരം പോലും നൽകാതെ ലോകപര്യടനം നടത്തിപ്പിച്ച് നാട്ടിൽ തിരിച്ച് കൊണ്ടുവിടുന്നതുമായിരുന്നു ദ്രാവിഡിന് മുമ്പുള്ള കോച്ചുമാർക്ക് കീഴിലെ പതിവ് രീതികൾ.
രാഹുൽ ദ്രാവിഡ് കോച്ചായി വന്നതോടെ ഈ രീതികൾ മാറിയെന്നതിന് ഏറ്റവും മികച്ച ഉദാഹരണം, നമ്മുടെയെല്ലാം പ്രിയങ്കരനായ സഞ്ജു സാംസൺ തന്നെയാണ്. ഇന്ത്യൻ ക്രിക്കറ്റിൽ ദ്രാവിഡ് കണ്ടെത്തിയ വജ്രം തന്നെയാണ് സഞ്ജു. ഷെയ്ൻ വോണിന്റേയും ദ്രാവിഡിന്റേയും ശിക്ഷണത്തിൽ രാജസ്ഥാൻ റോയൽസിലൂടെ പ്രശസ്തിയുടെ പടവുകൾ കീഴടക്കിയ സഞ്ജു ഇപ്പോൾ ലോകകപ്പ് ടീമിൽ കളിക്കുന്നില്ലെങ്കിൽ അതിന് ദ്രാവിഡിനെ പഴിക്കേണ്ട കാര്യമില്ലെന്ന് മലയാളികൾക്കെല്ലാം അറിയാവുന്നതാണ്.
ഇന്ത്യൻ ജൈത്രയാത്രയും കോച്ചിന്റെ ദീർഘവീക്ഷണവും
ദ്രാവിഡ് അക്കാദമിയിലൂടെ വളർന്നുവന്ന താരങ്ങളിൽ പ്രധാനികളാണ് സഞ്ജു സാംസൺ, കെഎൽ രാഹുൽ, ഇഷാൻ കിഷൻ, ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ തുടങ്ങിയവരെല്ലാം. ഫാസ്റ്റ് ബൗളർമാരാണ് കളി ജയിപ്പിക്കുന്നതെന്ന (Bowlers win matches)വിരാട് കോഹ്ലിയുടെ പഴയ ക്യാപ്റ്റൻസി തന്ത്രം, രോഹിത്തിന് കീഴിൽ ഫലപ്രദമായി തുടരാനും, ആക്രമണത്തിന് മൂർച്ച വരുത്താനും ദ്രാവിഡിന് സാധിച്ചു.
സ്പിന്നർമാരെ അളവിലേറെ ആശ്രയിച്ചിരുന്ന പഴയ രീതിയിൽ നിന്ന് മാറി, ലോകത്തെ മുഴുവൻ വിറപ്പിക്കാൻ പോന്നൊരു പേസ് പടയെ ഒരുക്കിവെക്കാനും രാഹുൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. 2023 ഏകദിന ലോകകപ്പിൽ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ ത്രയത്തിന്റെ പ്രകടനം ഇന്ത്യയുടെ അപരാജിത കുതിപ്പിൽ വഹിക്കുന്ന പങ്കും ഇവിടെ എടുത്തുപറയേണ്ടതാണ്.
ലോകകപ്പിന് ശേഷം ദ്രാവിഡ് രാജിവെക്കുമോ?
രാഹുൽ ദ്രാവിഡ് ഉൾപ്പെടെയുള്ള കോച്ചിങ് സ്റ്റാഫിന്റെ കാലാവധി ഈ ലോകകപ്പോടെ അവസാനിക്കാനിരിക്കുകയാണ്. ഇന്ത്യ ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനോട് തോറ്റിരുന്നെങ്കിൽ ദ്രാവിഡിന്റെ കോച്ചിങ് കരിയറിന്റ അവസാനമായി അത് മാറുമായിരുന്നു. എന്നാൽ, ന്യൂസിലൻഡിനെതിരായ ജയം, രാഹുൽ ദ്രാവിഡിനും അദ്ദേഹം മുന്നോട്ട് വെക്കുന്ന വിഷനും നൽകുന്ന വീണ്ടുമൊരു ലൈഫ് ലൈൻ കിട്ടുന്നത് പോലെയാണ്.
ലോകകപ്പിലെ തുടർജയങ്ങൾ ദ്രാവിഡ് എന്ന കോച്ചിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആവശ്യമായ ഊർജ്ജം നൽകുമെന്നതിൽ സംശയമില്ല. അതേസമയം, 2023 ലോകകപ്പ് ദ്രാവിഡിന്റെ കോച്ചിങ്ങ് കരിയറിലെ അവസാനമാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇന്ത്യൻ പരിശീലകരുടെ നിലവിലെ കരാർ ലോകകപ്പോടെ അവസാനിക്കുകയാണ്. ലോകകപ്പിന്റെ ഫലം എന്തായാലും ദ്രാവിഡ് പരിശീലക പദവി ഒഴിയാൻ തയ്യാറെടുക്കുകയാണെന്നാണ് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്.
വീണ്ടും തുടരാൻ താൽപ്പര്യമില്ലെന്ന സൂചനയാണ് ദ്രാവിഡുമായി അടുത്ത വൃത്തങ്ങൾ നൽകുന്നത്. അതേസമയം, ബാറ്റിങ്ങ് കോച്ച് വിക്രം റാത്തോഡും ബൌളിങ്ങ് കോച്ച് പരസ് മാംബ്രേയും ലോകകപ്പിന് ശേഷവും ടീമിനൊപ്പം തുടരാനാണ് സാധ്യത. ഇവരുടെ കരാർ ബിസിസിഐ നീട്ടി നൽകുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.
Read More Sports Stories Here
- ഇന്ത്യയ്ക്ക് മധുര പ്രതികാരം; കിവികളെ പൊരിച്ച് ലോകകപ്പ് ഫൈനലിൽ
- ജീവിതത്തിലെ നായികയും ക്രിക്കറ്റിലെ നായകനും സാക്ഷി; തന്‍റെ ജീവിതത്തിന്‍റെ ‘perfect picture’ഇതായിരിക്കും എന്ന് കോഹ്ലി
- ലോകകപ്പിൽ അമ്പരപ്പിക്കുന്ന വേഗത്തിൽ ലോക റെക്കോഡുമായി മുഹമ്മദ് ഷമി
- ദക്ഷിണാഫ്രിക്ക പതറുന്നു; Australia vs South Africa Semi-Final Live Score