വിരാട് കോഹ്ലി, ജോ റൂട്ട്, കേൻ വില്യംസൺ, ബാബർ അസം ഇവരെക്കാളെല്ലാം മികച്ച കളിക്കാരൻ രോഹിത് ശർമ്മയെന്ന് മുൻ പാക്കിസ്ഥാൻ പേസ് ബോളർ വസീം അക്രം. ഞായറാഴ്ച നെതർലൻഡ്‌സിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ രോഹിത് 54 പന്തിൽ 61 റൺസ് നേടിയിരുന്നു. എട്ട് ബൗണ്ടറികളും രണ്ട് സിക്‌സറുകളും അടങ്ങുന്ന മനോഹരമായ ഇന്നിംഗ്‌സാണ് ഇന്ത്യൻ നായകന്റെ ബാറ്റിൽ പിറന്നത്. രോഹിതും ശുഭ്‌മാൻ ഗില്ലും ചേർന്ന് 100 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയർത്തി, ആതിഥേയർക്ക് ശക്തമായ അടിത്തറയാണ് നൽകിയത്.
“എനിക്ക് തോന്നുന്നില്ല, ലോക ക്രിക്കറ്റിൽ രോഹിതിനെപ്പോലെ വേറൊരു കളിക്കാരനുണ്ടെന്ന്. വിരാട് കോഹ്ലി, ജോ റൂട്ട്, കേൻ വില്യംസൺ, ബാബർ അസം ഇവരെയൊക്കെ പരിഗണിച്ചാൽ പോലും രോഹിത് വ്യത്യസ്ഥനാണ്”, വസീം അക്രം എ സ്പോർട്ട്സിനോട് പറഞ്ഞു.
“രോഹിതിന്റെ കളി, ബാറ്റിങ്ങ് വളരെ എളുപ്പമായി തോന്നിപ്പിക്കും. ഏത് സാഹചര്യവും, ഏത് ബോളിങ്ങ് ആക്രമണവും ആയിക്കോട്ടെ, രോഹിത് മനസിൽ ചിന്തിക്കുന്ന ഷോട്ട് അയാൾ കളിച്ചിരിക്കും, കളിയുടെ ഗതിയും മാറ്റും. ഇൻസമാം ഉൾ ഹഖിനെപോലെ തന്നെ രോഹിതിനും പേസ് ബോളർമാർക്കെതിരെ നല്ല പരിചയവും അനുഭവവുമുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ കൈകളും ബാറ്റും തമ്മിൽ നല്ല രീതിയിലുള്ള ഏകോപനമുണ്ട്”, അദ്ദേഹം കൂട്ടിച്ചേർത്തു.
വസീം അക്രത്തെ പിന്തുണച്ച് ഷോയിബ് മാലിക്കും രോഹിതിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ചു. രോഹിത് എല്ലാ ബോളർമാർക്കെതിരെയും ഒരുപോലെയാണ് കളിക്കുന്നത് എന്നാൽ മറ്റു പല കളിക്കാരും പാർട്ട് ടൈം ബോളേഴ്സിനായി കാത്തിരിക്കുന്നുവെന്നാണ് ഷോയിബ് പറഞ്ഞത്.
ഞായറാഴ്ചത്തെ മത്സരത്തിന് ശേഷം ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സർ അടിച്ച താരമെന്ന റെക്കോർഡും രോഹിത്തിന്റെ പേരിലായി. 2023-ൽ രോഹിത് നേടിയത് 60 സിക്സറുകളാണ്. കൂടാതെ ലോകകപ്പിൽ എറ്റവും കൂടുതൽ സിക്സുകൾ നേടുന്ന കാപ്റ്റൻ എന്ന റെക്കോർഡും (23) രോഹിതിന്റെ പേരിലായി.
ബുധനാഴ്ച വാങ്കടെ സ്റ്റേഡിയത്തിൽ നടക്കുന്ന സെമി-ഫൈനലിൽ ഇന്ത്യ-ന്യൂസിലാൻഡിനെ നേരിടും.