ബുധനാഴ്ച നടക്കുന്ന ലോകകപ്പ് സെമിഫൈനലിന്‍റെ അവസാന നാല് മത്സരങ്ങളിലൊന്നില്‍ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
ബൗളർമാരെ സംബന്ധിച്ച് വാങ്കഡെ ”ടഫ്ഫ്’ ആയ വേദിയാണ് അതിനാല്‍ കിവീസിനെ ജയിക്കാന്‍ ആതിഥേയരായ ഇന്ത്യ ‘ഏര്‍ലി വിക്കറ്റുകള്‍’ നേടാന്‍ ശ്രമിക്കണം എന്ന് ഇന്ത്യൻ ഇടംകൈയ്യൻ സ്പിന്നർ കുൽദീപ് യാദവ് ഞായറാഴ്ച പറഞ്ഞു.
“ബൗൾ ചെയ്യാൻ ബുദ്ധിമുട്ടുള്ള വേദിയാണിത്. ഇതിലെ ബൗൺസ് എന്നത് സത്യമാണ്, ബാറ്റ്സ്മാൻമാർ പലപ്പോഴും അവിടെയാണ് ആധിപത്യം പുലർത്തുന്നത്. എന്നാല്‍ ടി20യിൽ നിന്ന് വ്യത്യസ്തമായി, ബൗളർമാർക്ക് കളിയിലേക്ക് തിരിച്ചു വരാൻ ധാരാളം സമയമുണ്ട്,” നെതർലൻഡ്‌സിനെ 160 റൺസിന് തോൽപ്പിച്ച് ലീഗ് മത്സരങ്ങൾ എല്ലാം വിജയകരമായി ഇന്ത്യ പൂർത്തിയാക്കിയ ശേഷം സംസാരിച്ച കുൽദീപ് പറഞ്ഞു.
“എന്നാൽ അതെ, കളിയുടെയും എതിരാളികളുടെയും മുകളിൽ എത്താൻ നിങ്ങൾക്ക് രണ്ട് ഏര്‍ലി വിക്കറ്റുകൾ ആവശ്യമാണ്.”
2019ൽ കിവീസ് 18 റൺസിന് ജയിച്ച മാഞ്ചസ്റ്ററിലെ സെമിഫൈനലിന്‍റെ ആവർത്തനമായിരിക്കും ന്യൂസിലൻഡിനെതിരായ മത്സരം.
“2019 ലെ സെമിഫൈനൽ നാല് വർഷം മുമ്പായിരുന്നു. അതിനു ശേഷം ഞങ്ങൾ ധാരാളം ഉഭയകക്ഷി പരമ്പരകൾ കളിച്ചിട്ടുണ്ട്, ഞങ്ങൾക്ക് (ഇന്ത്യയിലെ) സാഹചര്യങ്ങൾ അറിയാം, അവര്‍ക്കും അങ്ങനെ തന്നെ. ഞങ്ങളുടെ തയ്യാറെടുപ്പ് മികച്ചതായിരുന്നു, ടൂർണമെന്റിലുടനീളം മികച്ച കളി കാഴ്ച വക്കാന്‍ ഞങ്ങൾക്ക് കഴിഞ്ഞു. അതിനാൽ, അടുത്ത മത്സരത്തിലും ഞങ്ങൾ അതേ പോലെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.
4.15 എന്ന മികച്ച ഇക്കോണമി റേറ്റിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് ഇന്ത്യയുടെ സ്പിൻ ഡിപ്പാർട്ട്‌മെന്റിൽ ഒരു പ്രധാന പങ്ക് വഹിച്ചു.
നോക്കൗട്ട് മത്സരത്തിന്‍റെ സമ്മർദങ്ങളിലേക്ക് അധികം കടക്കാതെ, തന്‍റെ ശക്തിയിൽ പ്രവർത്തിക്കുന്നതിലായിരിക്കും ശ്രദ്ധയെന്ന് കുൽദീപ് പറഞ്ഞു.
“ഞാൻ എന്‍റെ താളത്തിലും ശക്തിയിലും വര്‍ക്ക് ചെയ്യുകയും ബാറ്റ്സ്മാൻ എന്നെ എങ്ങനെ നേരിടാന്‍ ശ്രമിക്കുന്നു എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. കഴിയുന്നത്ര നല്ല ലെങ്ത് ഏരിയയിൽ പന്ത് ലാന്‍ഡ് ചെയ്യിക്കുക എന്നതാണ് എന്‍റെ ലക്ഷ്യം. വിക്കറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ആ പ്രക്രിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അടുത്ത മത്സരത്തിലും ഇങ്ങനെ തന്നെയാവണം എന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
വാങ്കഡെ പ്രിയപ്പെട്ട വേദി
വാങ്കഡെ തനിക്ക് ഏറെ പ്രിയപ്പെട്ട വേദിയാണെന്നും തന്നെ ഒരു ക്രിക്കറ്ററാക്കുന്നതിൽ വാങ്കഡെയിൽ നിന്നുള്ള അനുഭവങ്ങൾ നിർണായകമായിരുന്നുവെന്നും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മുന്‍പൊരു അവസരത്തില്‍ പറഞ്ഞിരുന്നു.
‘വാങ്കഡെ ഒരു സ്പെഷൽ വേദിയാണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട വേദി. ഒരു ക്രിക്കറ്റർ എന്ന നിലയിൽ ഇന്ന് ഞാൻ എന്താണോ, അതിലേക്ക് അതിലേക്ക് എന്നെ നയിച്ചത് വാങ്കഡെയിൽ നിന്നുള്ള അനുഭവങ്ങളാണ്. മുംബൈയിലുള്ളവർ ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്നവരാണ്. അവരുടെ ആർപ്പുവിളികൾ ഏറെ ഊർജം പകരുന്നതാണ്.’ രോഹിത് ശർമ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
- Read Here
- ഒന്ന് കൈയ്യടിക്കെടോ; കോഹ്ലിയുടെ വിക്കറ്റിനൊപ്പം വൈറലാവുന്ന വീഡിയോ
- നെതർലൻഡിനെ 160 റൺസിന് തകർത്ത് ഇന്ത്യ; ലോകകപ്പിൽ ചരിത്രവിജയം