ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ സെമി ഫൈനൽ എതിരാളി ആരായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇന്നലെ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് ഓസ്ട്രേലിയ മൂന്നാം സ്ഥാനക്കാരായി സെമി ഫൈനലിൽ സ്ഥാനമുറപ്പിച്ചതോടെ, നാലാം സ്ഥാനത്തിനായി കടുത്ത പോരാട്ടമാണ് ഇനി നടക്കാനിരിക്കുന്നത്. 8 വീതം മത്സരങ്ങൾ കളിച്ച് 8 പോയിന്റ് നേടിയ മൂന്ന് ടീമുകളാണുള്ളത്. ന്യൂസിലൻഡും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമാണ് ഈ ടീമുകൾ.
ഇന്നലെ ഓസ്ട്രേലിയയെ തോൽപ്പിച്ചിരുന്നെങ്കിൽ, ആദ്യമായി ലോകകപ്പ് സെമി ഫൈനലിലെത്തുകയെന്ന ചരിത്രനേട്ടത്തിലേക്ക് അഫ്ഗാനിസ്ഥാന് മുന്നേറാനാകുമായിരുന്നു. അഫ്ഗാനിസ്ഥാൻ തോറ്റത് ഫലത്തിൽ പാക്കിസ്ഥാനും ന്യൂസിലൻഡിനും അനുഗ്രഹമായി. നെറ്റ് റൺറേറ്റിന്റെ കരുത്തിൽ ഇപ്പോൾ ന്യൂസിലൻഡാണ് (+0.398) നാലാം സ്ഥാനത്തുള്ളത്. 8 പോയിന്റുള്ള പാക്കിസ്ഥാൻ (+0.036) അഞ്ചാം സ്ഥാനത്തും, ഇതേ പോയിൻ്റുള്ള അഫ്ഗാനിസ്ഥാൻ (-0.338) ആറാം സ്ഥാനത്തുമാണുള്ളത്.
അടുത്ത മത്സരത്തിൽ മൂന്ന് ടീമുകൾക്കും മികച്ച മാർജിനിൽ ജയിക്കാനാകണം എന്ന നിലയാണ് ഇപ്പോഴുള്ളത്. അടുത്ത മത്സരം ജയിച്ചാൽ ന്യൂസിലൻഡിനാണ് സാധ്യതയേറെ. തുടർച്ചയായി നാല് മത്സരങ്ങൾ തോറ്റാണ് വ്യാഴാഴ്ച ശ്രീലങ്കയെ നേരിടാൻ കീവീസ് ടീമെത്തുന്നത്. അവർ വിജയവഴിയിൽ തിരിച്ചെത്തരുതേയെന്നാണ് മറ്റു രണ്ട് ടീമുകളും പ്രാർത്ഥിക്കുന്നത്.
ന്യൂസിലൻഡും പാക്കിസ്ഥാനും തോൽക്കാൻ പ്രാർത്ഥിക്കുകയാണ് ടൂർണമെന്റിലെ കറുത്തകുതിരകളായ അഫ്ഗാനിസ്ഥാൻ. അഫ്ഗാനിസ്ഥാന്റെ അപ്രതീക്ഷിത കുതിപ്പാണ് അവസാന നാലിലേക്കുള്ള പോരാട്ടങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയത്. അവസാന മത്സരത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് റാഷിദ് ഖാന്റേയും കൂട്ടരുടേയും എതിരാളികൾ.
അതേസമയം, വീണ്ടുമൊരു ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിന് കളമൊരുങ്ങണമെങ്കിൽ, ന്യൂസിലൻഡും അഫ്ഗാനും തോൽക്കുകയും പാക്കിസ്ഥാൻ ജയിക്കുകയും വേണം. അങ്ങനെയെങ്കിൽ ലോകകപ്പ് ആവേശം പതിന്മടങ്ങ് വർധിക്കുമെന്നുറപ്പാണ്. ലോക ക്രിക്കറ്റിലെ ചിരകാലവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഐസിസി ടൂർണമെന്റുകളിൽ ഏറ്റുമുട്ടുമ്പോൾ ലോകമെമ്പാടുമുള്ള കാഴ്ചക്കാരുടെ എണ്ണവും കുതിച്ചുയരുന്നത് ഇതിന് തെളിവാണ്. നവംബർ 11ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇംഗ്ലണ്ടിനെതിരെയാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം.
Read More Related News Here