ഇന്ത്യൻ പിച്ചുകളിൽ കളിച്ച് നല്ല പരിചയമുണ്ട് ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റൺ ഡീകോക്കിന്. ഐപിഎല്ലിലെ മത്സരപരിചയം ലോകകപ്പിൽ മുതൽക്കൂട്ടാക്കി മാറ്റുകയാണ് പ്രോട്ടീസ് സൂപ്പർതാരം. ഇന്ത്യൻ പ്രീമിയർ ലീഗിൽ നിലവിൽ ലഖ്നൌ സൂപ്പർജയന്റ്സിന്റെ താരമാണ് അദ്ദേഹം. ഈ ലോകകപ്പിൽ കളിച്ച ഏഴ് മത്സരങ്ങളിൽ നാലിലും സെഞ്ചുറി നേടി ഫോമിന്റെ പാരമ്യത്തിലാണ് താനെന്ന് ഉറക്കെ വിളിച്ചുപറയുകയാണ് ഈ മുപ്പതുകാരനായ ഈ ജൊഹന്നാസ്ബെർഗുകാരൻ.
2023 ഏകദിന ലോകകപ്പിലെ ഡീകോക്കിന്റെ പ്രകടനങ്ങളെ അവിശ്വസനീയമെന്നേ പറയേണ്ടതുള്ളൂ. 77.85 റൺസ് ശരാശരിയോടെ 545 റൺസാണ് താരം ഇതുവരെ അടിച്ചെടുത്തത്. എതിരാളികൾ ആരായാലും, എതിർ ബൌളർമാരുടെ പ്രഹരശേഷി എന്തുതന്നെയായാലും ഈ ലോകകപ്പിൽ ഡീകോക്കിന്റെ ബാറ്റ് തീതുപ്പുമെന്നുറപ്പാണ്. ഇന്ത്യ കഴിഞ്ഞാൽ ഈ ലോകകപ്പിൽ ഏറ്റവും സ്ഥിരതയാർന്ന പ്രകടനമാണ് പ്രോട്ടീസ് സംഘം പുറത്തെടുക്കുന്നത്.
ലോകകപ്പ് റൺവേട്ടയിൽ രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർക്ക് 6 മത്സരങ്ങളിൽ നിന്ന് 413 റൺസാണ് സമ്പാദ്യം. ന്യൂസിലൻഡിന്റെ രചിൻ രവീന്ദ്രയും (406), രോഹിത് ശർമ്മയും (398) ബഹുദൂരം പിന്നിലാണ്. ഈ റൺവേട്ടക്കാരെല്ലാം ഓപ്പണർമാരാണെന്ന സവിശേഷതയുമുണ്ട്. ഈ ലോകകപ്പിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായ 174 റൺസ് ഡീകോക്കിന്റെ പേരിലാണുള്ളത്.
ന്യൂസിലൻഡിനെതിരായ ബുധനാഴ്ചത്തെ മത്സരത്തിലും ഡീകോക്ക് സെഞ്ചുറി നേടി. 116 പന്തിൽ നിന്ന് 114 റൺസെടുത്ത ഡീകോക്കിനെ ടിം സൌത്തിയാണ് പുറത്താക്കിയത്. വാൻഡർ ഡ്യൂസെനും (133) ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കായി സെഞ്ചുറി നേടി. 118 പന്തിൽ നിന്ന് 5 സിക്സും 9 ഫോറും സഹിതമാണ് താരം 133 റൺസ് വാരിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക, ഇരട്ട സെഞ്ചുറികളുടെ കരുത്തിൽ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റിന് 357 റൺസെടുത്തിട്ടുണ്ട്.