
ഏകദിന ലോകകപ്പിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ഇന്ത്യ നാളെ വീണ്ടും കളത്തിലിറങ്ങുന്നു. നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് ലഖ്നൌവിൽ ഇന്ത്യയുടെ എതിരാളികൾ. അഞ്ചിൽ അഞ്ച് മത്സരങ്ങളും ജയിച്ച് 10 പോയിന്റുമായി ദക്ഷിണാഫ്രിക്കയ്ക്ക് കീഴിൽ രണ്ടാമതാണ് ഇന്ത്യയുള്ളത്. ആറിൽ അഞ്ച് ജയവുമായി ഇതേ പോയിന്റ് തന്നെയാണ് ദക്ഷിണാഫ്രിക്കയ്ക്കെങ്കിലും നെറ്റ് റൺറേറ്റിന്റെ കരുത്തിലാണ് അവർ ഒന്നാമതെത്തിയത്.
ഒരു മത്സരം കൂടി ജയിച്ചാൽ സെമി ഫൈനൽ യോഗ്യത നേടാനാകുമെന്നതാണ് ഇന്ത്യയ്ക്ക് ഏറ്റവും അനുകൂലമായ ഘടകം. ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷമാണ് നീലപ്പട നാളെ വീണ്ടും വിശ്വ മാമാങ്കത്തിന് തയ്യാറെടുക്കുന്നത്. രോഹിത് ശർമ്മ, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ എന്നിവരെല്ലാം മികച്ച ഫോമിലാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഷമി, രവീന്ദ്ര ജഡേജ, കുൽദീപ് എന്നിവരടങ്ങുന്ന ബൌളിങ് നിരയും ശക്തമാണ്.
സ്പിന്നിനെ തുണയ്ക്കുന്ന ലഖ്നൌവിലെ പിച്ചിൽ അഞ്ച് ബൗളര്‍മാരുമായിട്ടായിരിക്കും ഇന്ത്യ ഇറങ്ങുക. മൂന്ന് സ്പിന്നര്‍മാരുമായാണ് ഇറങ്ങുന്നതെങ്കില്‍ ആര്‍ അശ്വിന്‍ വീണ്ടും പ്ലേയിംഗ് ഇലവനിലെത്തും. അങ്ങനെയെങ്കിൽ മുഹമ്മദ് സിറാജ് ആകും അശ്വിന്‍ തിരിച്ചെത്തുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുക. ബാറ്റിങ്ങിൽ അഞ്ചാം സ്ഥാനത്ത് കെഎൽ രാഹുലിന് പകരം സൂര്യകുമാർ യാദവിനെ പരീക്ഷിക്കാനും സാധ്യതയുണ്ട്.
മറുവശത്ത് എതിരാളികളായ ഇംഗ്ലണ്ടാകട്ടെ കളിച്ച അഞ്ചിൽ നാലിലും തോറ്റാണ് വരുന്നത്. ഇന്ത്യയ്ക്കെതിരെ വിജയിക്കേണ്ടത് അവരെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്. കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയോടും അവർ ഞെട്ടിക്കുന്ന തോൽവിയേറ്റു വാങ്ങിയിരുന്നു. നാളെ ഇന്ത്യയോടും തോറ്റാൽ, ലോകകപ്പിലെ അവരുടെ സാധ്യതകൾ പൂർണമായും അവസാനിക്കും. ഇംഗ്ലീഷ് പേസർമാർക്ക് ഫോമിലുള്ള വിരാട് കോഹ്ലിയേയും രോഹിത് ശർമ്മയേയും പിടിച്ചുകെട്ടാനായാൽ ഇന്ത്യയുടെ ജൈത്രയാത്രയ്ക്ക് അത് ഭീഷണിയാകും.
ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര.















