കോവളം
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഷെൻഹുവ–15 കപ്പലിൽ എത്തിച്ച ക്രെയിനുകളിലെ രണ്ടാമത്തെ ക്രെയിൻ ഞായറാഴ്ച കപ്പലിൽനിന്നും ഇറക്കി. പുലർച്ചെ 4.30ന് ക്രെയിൻ ഇറക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഏഴ് മണിക്കൂറോളം കഴിഞ്ഞാണ് ബർത്തിലെത്തിച്ചത്.
കഴിഞ്ഞ 12നാണ് ചൈനയിലെ ഷാങ്ഹായിൽനിന്ന് ക്രെയിനുകളുമായി ഷെൻഹുവ–- 15 വിഴിഞ്ഞത്ത് എത്തിയത്. രണ്ടാമത്തെ ക്രെയിൻ മുൻപ് ഇറക്കാൻ ശ്രമം നടത്തിയെങ്കിലും കടൽക്ഷോഭവും കപ്പൽ ജീവനക്കാരുടെ എമിഗ്രേഷൻ അനുമതി വൈകിയത് മൂലവും നീണ്ടുപോവുകയായിരുന്നു.
വെള്ളിയാഴ്ച ഇറക്കിയ ഒന്നാമത്തെ യാർഡ് ക്രെയിൻ യാർഡിലെ നിശ്ചിത സ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ഷിപ്പ് ടു ഷോർ ക്രെയിൻ ആണ് ഇനി ഇറക്കാനുള്ളത്. ഇതിനുള്ള പ്രവർത്തനങ്ങൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
ക്രെയിനുകൾ നിർമിച്ച ഷാങ്ഹായ് ഷെൻഹുവാ ഹെവി ഇൻഡസ്ട്രീസിന്റെ സാങ്കേതികവിദഗ്ധരും അദാനി ഗ്രൂപ്പിന്റെ ജീവനക്കാരും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലെ ഉദ്യോഗസ്ഥരും ചേർന്നാണ് ക്രെയിനുകൾ തുറമുഖത്തേക്കിറക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ക്രെയിനുകളുമായി കപ്പലുകൾ തുറമുഖത്ത് അടുക്കും.