തിരുവല്ല> അമ്മയോടൊപ്പം കാറിൽ സഞ്ചരിക്കവേ ടോറസുമായി കൂട്ടിയിടിച്ച് കാർ തല കീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ പിഞ്ചുകുഞ്ഞ് മരിച്ചു. ഹരിപ്പാട് നങ്ങ്യാർകുളങ്ങര നെയ്യിശ്ശേരിൽ വീട്ടിൽ അബിൻ വർഗീസ്- കവിത അന്ന ജേക്കബ് ദമ്പതികളുടെ മകൻ ജോഷ്വാ (2) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയോടെ മരിച്ചത്.
ടി കെ റോഡിലെ തിരുവല്ല കറ്റോട് ജംഗ്ഷന് സമീപം വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. കവിത ഓടിച്ചിരുന്ന തിരുവല്ല ഭാഗത്ത് നിന്നും വന്ന കാർ ടോറസുമായി കൂട്ടിയിടിച്ച് തലകീഴായി മറിയുകയായിരുന്നു. കവിതയുടെ ഇരവിപേരൂരിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റ കവിതയെയും മാതാവ് ജെസ്സിയെയും ജോഷ്വയെയും ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജോഷ്വാ മരണപ്പെടുകയായിരുന്നു. അമ്മ കവിത നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ജെസ്സി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ നില ഗുരുതരമല്ല.