മനാമ> കുവൈത്തില്‍ കൈക്കൂലി കേസില്‍ ഏഴ് ജഡ്ജിമാരെ ഏഴു വര്‍ഷം വീതം തടവിന് ശിക്ഷിച്ചു. കുവൈത്തിന്റെ നിയമ ചരിത്രത്തില്‍ ആദ്യമായാണ് ജുഡീഷ്യല്‍ പരിരക്ഷ എടുത്തുകളഞ്ഞ് ന്യായാധിപന്മാരെ ശിക്ഷിക്കുന്നത്.
2020 ആഗസ്തിലാണ് കേസിനാസ്പദമായ സംഭവം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇറാന് സ്വദേശി ഫൗദ് സലേഹിയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പബ്ലിക് പ്രോസിക്യൂഷന് അന്വേഷണത്തില്‍ 10 ജഡ്ജിമാരുമായി ബന്ധപ്പെടുന്ന ആശയവിനിമയങ്ങള്‍ കണ്ടെത്തി. സാലിഹി എട്ട് ജഡ്ജിമാര്‍ ഉള്‍പ്പടെ നിരവധി കുവൈത്ത് ഉദ്യോഗസ്ഥരുടെ പേരുകള്‍ ചോദ്യം ചെയ്യലില്‍ പരാമര്‍ശിച്ചിരുന്നു.
കുവൈത്ത് കാസേഷന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജിമാരില്‍ ഒരാളെ കുറ്റവിമുക്തനാക്കിയത് കോടതി ശരിവച്ചു, കൈക്കൂലി കേസില്‍ കുടുങ്ങിയ രണ്ട് വ്യവസായികളെ 12 വര്‍ഷം വീതം കഠിന തടവിന് കോടതി ശിക്ഷിച്ചു. ഇവര്‍ക്ക് വന്‍ പിഴയും ചുമത്തി. കൂടാതെ, ഒരു അഭിഭാഷകന് 10 വര്‍ഷം തടവും ഒരു വകുപ്പ് മേധാവിക്ക് ഏഴ് വര്‍ഷം തടവും ലഭിച്ചു.
കേസില്‍ മുന്‍ കോടതി ഉദ്യോഗസ്ഥന്റെ നിരപരാധിത്വം കോടതി ശരിവെച്ചു. മറ്റൊരു അഭിഭാഷകനെയും മൂന്ന് കോടതി ജീവനക്കാരെയും ശിക്ഷിക്കുന്നതില്‍ നിന്ന് കോടതി വിട്ടുനിന്നു.കഴിഞ്ഞ ഒക്ടോബറില്‍, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സലേഹിയില്‍ നിന്ന് ലഭിച്ചതായി ആരോപിക്കപ്പെടുന്ന വാഹനങ്ങളും സമ്മാനങ്ങളും തിരികെ നല്കാന് ശിക്ഷിക്കപ്പെട്ട ഏഴ് ജഡ്ജിമാര്‍ക്ക് അപ്പീല്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ അവരെ ജുഡീഷ്യല്‍ റോളുകളില്‍ നിന്ന് പിരിച്ചുവിടാനും ഉത്തരവിട്ടു.