കൊച്ചി
വൻകിട കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന റസിഡന്റ് ഓഡിറ്റ് ഓഫീസുകൾ നിർത്തുന്നു. ആദ്യഘട്ടമായി ചെന്നൈ പ്രിൻസിപ്പൽ ഓഡിറ്റ് ഓഫീസുകൾക്കുകീഴിലുള്ള എട്ട് ആർഎഒകൾ നിർത്തലാക്കാനും ജീവനക്കാരെ മറ്റ് ഓഫീസുകളിൽ വിന്യസിപ്പിക്കാനും സിഎജി ഉത്തരവിറക്കി. വൻ പദ്ധതികൾക്കായുള്ള ഫീൽഡുതല ഓഡിറ്റ് വേണ്ടെന്ന് സിഎജി കഴിഞ്ഞദിവസം വാക്കാൽ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജൂലൈയിൽ ആർഎഒകൾ നിർത്തലാക്കാൻ ആരംഭിച്ച നീക്കവും പുറത്തായത്.
ചെന്നൈയിൽ പ്രിൻസിപ്പൽ ഡയറക്ടർ ഓഫ് കൊമേഴ്സ്യൽ ഓഡിറ്റിനുകീഴിലുള്ള എട്ട് വലിയ കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്ന ആർഎഒകൾ നിർത്തലാക്കാനും ഇവിടത്തെ സീനിയർ ഓഡിറ്റ് ഓഫീസർമാരെയും അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർമാരെയും മറ്റ് ഓഫീസുകളിലേക്ക് മാറ്റാനും ജൂലൈ 21നാണ് സിഎജി ഓഫീസ് ഉത്തരവിറക്കിയത്. അടുത്തഘട്ടമായി കൊൽക്കത്ത, മുംബൈ പ്രിൻസിപ്പൽ ഓഡിറ്റ് ഓഫീസുകൾക്കുകീഴിലും തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കാനാണ് നീക്കം.
വലിയ മുതൽമുടക്കും വാർഷിക വിറ്റുവരവുമുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളുടെ കണക്കുകൾ ദൈനംദിനം ഓഡിറ്റ് ചെയ്യാൻ സിഎജി അതത് സ്ഥാപനത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് റസിഡന്റ് ഓഡിറ്റ് ഓഫീസുകൾ അഥവാ റസിഡന്റ് ഓഡിറ്റ് പാർടീസ് (ആർഎപി). വലിയ തുറമുഖങ്ങൾ, കപ്പൽശാലകൾ, ഹെവി എൻജിനിയറിങ് സ്ഥാപനങ്ങൾ, താപവൈദ്യുതി നിലയങ്ങൾ എന്നിവയിൽ സിഎജി ഓഫീസ് ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഓഡിറ്റ് നടത്തുമായിരുന്നു. ഈ സ്ഥാപനങ്ങളിൽ സിഎജി ഓഡിറ്റ് ഉണ്ടാകുമെങ്കിലും തന്ത്രപ്രധാന സ്ഥാപനങ്ങളിലെ തുടർച്ചയായ സൂക്ഷ്മ ഓഡിറ്റിങ് അവസാനിക്കുമെന്നതാണ് പ്രധാന കോട്ടം.
കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സിഎജി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതോടെ ഫീൽഡ് ഓഡിറ്റ് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ സിഎജി ഗിരീഷ് ചന്ദ്ര മുർമു വാക്കാൽ നിർദേശിച്ചത് വിവാദമായിരുന്നു. ആയുഷ്മാൻ ഭാരത്, ഭാരത് മാല പദ്ധതികളുടെ നടത്തിപ്പിൽ വൻ അഴിമതിയും ക്രമക്കേടും വ്യക്തമാക്കുന്ന സിഎജി റിപ്പോർട്ടുകൾ തെരഞ്ഞെടുപ്പ് വർഷം മോദിസർക്കാരിനെ പ്രതിസന്ധിയിലാക്കി. മോദിസർക്കാർ വന്നശേഷം പാർലമെന്റിൽ സമർപ്പിക്കുന്ന സിഎജി റിപ്പോർട്ടുകളുടെ എണ്ണത്തിലും വൻ കുറവുണ്ടായി.