തിരുവനന്തപുരം
ബിജെപി സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി തേടിയിരുന്നുവെന്ന ദേവഗൗഡയുടെ അസംബന്ധ പ്രസ്താവനയിൽ മുതലെടുപ്പിന് ശ്രമിച്ച് അപഹാസ്യരായി പ്രതിപക്ഷം. ലാഭം കിട്ടുമെന്ന് കരുതി ചാടിവീണെങ്കിലും രാഷ്ട്രീയ ചരിത്രമറിയാവുന്ന ആർക്കും പ്രതിപക്ഷത്തോട് സഹതാപം തോന്നും.
ജെഡിഎസ് പിണറായിയോട് ചോദിച്ച് നയപരിപാടികൾ തീരുമാനിക്കുന്നുവെന്നത് തമാശമാത്രമായേ ജനം കാണുന്നുള്ളൂ. ബിജെപി സഖ്യം സ്വയം തീരുമാനിച്ച ദേവഗൗഡയ്ക്കെതിരെ ജെഡിഎസ് കേരള ഘടകം പൂർണമായും എതിർപ്പ് അറിയിച്ചിരുന്നു. ബിജെപി ബന്ധമുണ്ടാക്കിയപ്പോഴെല്ലാം കേരളഘടകത്തിന് ഇതേ നിലപാടായിരുന്നു.
എന്നാൽ, ഈ സാഹചര്യം സിപിഐ എമ്മിനെതിരെ ഉപയോഗിക്കാനുള്ള ആസൂത്രണം നടന്നുവെന്നാണ് വാർത്തകളും പ്രതികരണങ്ങളും വ്യക്തമാക്കുന്നത്. എൽഡിഎഫ് സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ തന്ത്രങ്ങൾ മെനയുന്ന ബിജെപിയും എന്ത് കള്ളം പ്രചരിപ്പിച്ചായാലും അവസരം പ്രയോജനപ്പെടുത്തണമെന്ന കനുഗോലു ഉപദേശമുള്ള കോൺഗ്രസും അതിന് ചുക്കാൻ പിടിച്ചു.
കോൺഗ്രസുമായി ചേർന്നാലും കുഴപ്പമില്ലെന്ന് സൂചിപ്പിച്ച്, സിപിഐ എം മാത്രമാണ് ശത്രുവെന്ന് ബിജെപി തീരുമാനിച്ചത് ദിവസങ്ങൾക്കുമുമ്പാണ്. സുരേഷ്ഗോപിയെ സഹായിക്കാൻ ബിജെപിയും യുഡിഎഫും ഒന്നിച്ചാണ് കരുവന്നൂരിൽ നാടകമാടുന്നത്. സിപിഐ എമ്മിന്റെ നേതാക്കളെ കള്ളക്കേസിൽ കുരുക്കാനും ശ്രമിക്കുന്നു. വിഴിഞ്ഞത്ത് ക്രെയിൻ ഇറക്കുന്നതിനുപോലും ബിജെപി സർക്കാർ വിമുഖതയാണ് ആദ്യം കാണിച്ചതെങ്കിൽ കപ്പൽ അടുത്തതിനെ ആക്ഷേപിക്കുകയാണ് വി ഡി സതീശൻ ചെയ്തത്. ഗൾഫിൽ ലോകകേരളസഭയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കേന്ദ്രം അനുമതി നിഷേധിച്ചത് കഴിഞ്ഞ ദിവസമാണ്. എന്നാൽ, ബിജെപി ബന്ധത്തിന് പ്രത്യേക ‘ലൈസൻസ്’ ആവശ്യമില്ലാത്ത നേതാക്കളാണ് കെ സുധാകരനും വി ഡി സതീശനുമെന്നതിന് തെളിവുകൾ അനവധിയുണ്ട്.
അതേസമയം, കിട്ടിയ അവസരത്തിൽ ഒന്നിച്ചിറങ്ങിയ കോൺഗ്രസ് നേതാക്കളുടെ പിന്നിൽ ‘കനുഗോലു ഇഫക്ട്’ കാണുന്നുണ്ട്. സതീശനും സുധാകരനും തരൂരും ചെന്നിത്തലയും പറഞ്ഞ വാക്കുകൾ സമാനമായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
മലക്കംമറിഞ്ഞ്
ദേവഗൗഡ
ബിജെപിയുമായി ജെഡിഎസ് സഖ്യം രൂപീകരിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയാണെന്ന വിവാദ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ. ‘സിപിഐ എമ്മിനെക്കുറിച്ചുള്ള എന്റെ പ്രസ്താവനയിൽ ആശയക്കുഴപ്പം സംഭവിച്ചു. ബിജെപി–-ജെഡിഎസ് സഖ്യത്തെ കേരളത്തിലെ സിപിഐ എം പിന്തുണയ്ക്കുമെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല’ ദേവഗൗഡ എക്സിൽ കുറിച്ചു. അസംബന്ധ പരാമർശത്തിൽ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് മലക്കം മറിച്ചിൽ.
എൻഡിഎയ്ക്ക് ഒപ്പമില്ല: മാത്യു ടി തോമസ്
ബിജെപിയുമായി കൂട്ടുകൂടാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെയും അനുമതിയോടെയെന്ന ജനതാദൾ എസ് അഖിലേന്ത്യാ പ്രസിഡന്റ് എച്ച് ഡി ദേവഗൗഡയുടെ പ്രസ്താവന അസംബന്ധമെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ്. ബിജെപി ബാന്ധവം ദേവഗൗഡയുടെമാത്രം തീരുമാനമാണ്. പാർടി വിരുദ്ധമായ ആ നിലപാടിനൊപ്പം കേരളഘടകം ഉണ്ടാകില്ലെന്ന് അദ്ദേഹത്തെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും മാത്യു ടി തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കാനാണ് ദേശീയ നിർവാഹക സമിതിയും ദേശീയ പ്ലീനവും തീരുമാനിച്ചത്. ദേവഗൗഡയുടെ പുതിയ പ്രസ്താവന തെറ്റിദ്ധാരണമൂലമോ പ്രായാധിക്യത്തിന്റെ പ്രശ്നങ്ങൾകൊണ്ടോ ആകാം. മുഖ്യമന്ത്രിയുമായി അദ്ദേഹം ആശയവിനിമയം നടത്തിയിട്ട് വർഷങ്ങളായിക്കാണും. മുഖ്യമന്ത്രിയുടെ അനുവാദമുണ്ടെന്ന പ്രസ്താവന അസത്യമാണെന്നും മാത്യു ടി തോമസ് പറഞ്ഞു.
ജനതാദൾ നിലപാട് സംശയാസ്പദം:
വി ഡി സതീശൻ
ബിജെപി ബന്ധത്തെ എതിർത്തെന്ന ജനതാദൾ കേരള ഘടകത്തിന്റെ നിലപാട് ദേവഗൗഡയുടെ പുതിയ പരാമർശത്തോടെ സംശയാസ്പദമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ബിജെപിയുമായി കൂട്ടുകൂടാൻ പാടില്ല എന്ന നിലപാട് സ്വീകരിച്ച കർണാടക ദൾ അധ്യക്ഷൻ സി എം ഇബ്രാഹിമിനെ ദളിൽനിന്ന് ദേവഗൗഡ പുറത്താക്കുകയായിരുന്നുവെന്ന് സതീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ദേവഗൗഡ രാജിവയ്ക്കണം:
പി പി ദിവാകരൻ
ജനതാദൾ എസ് ദേശീയ പ്ലീനമെടുത്ത തീരുമാനങ്ങൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ച ദേവഗൗഡ ദേശീയ അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി പി ദിവാകരൻ ആവശ്യപ്പെട്ടു. ജനതാദൾ എസ് കേരളഘടകം എൽഡിഎഫിൽ ഉറച്ച് നിൽക്കുമെന്നും ജനാധിപത്യ മതേതര- സോഷ്യലിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
അസത്യം: ജോസ് തെറ്റയിൽ
കർണാടകത്തിലെ ബിജെപി–—ജനതാദൾ എസ് സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവുണ്ടെന്ന ദേവഗൗഡയുടെ പ്രസ്താവന അസത്യമെന്ന് ജെഡിഎസ് ദേശീയ സെക്രട്ടറി ജോസ് തെറ്റയിൽ പറഞ്ഞു.ഇക്കാര്യത്തിൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കുന്നത് ദുരുദ്ദേശ്യപരമാണ്. ദേവഗൗഡയുമായി അദ്ദേഹം കൂടിക്കാഴ്ചയോ അത്തരം സംസാരമോ നടത്തിയിട്ടില്ലെന്നും- ജോസ് തെറ്റയിൽ പറഞ്ഞു.
വിയോജിപ്പ്:
കെ കൃഷ്ണൻകുട്ടി
ജെഡിഎസ് കേരള ഘടകം ദേവഗൗഡയുടെ എൻഡിഎ ബന്ധത്തിനോട് പൂർണമായും വിയോജിക്കുന്നുവെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. പാലക്കാട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെയും ലോഹ്യയുടെയും ആശയങ്ങളാണ് പാർടി പിന്തുടരുന്നത്. അത് എൻഡിഎക്ക് എതിരാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ദേവഗൗഡയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. മാത്യു ടി തോമസും താനും കൂടി ദേവഗൗഡയെ കണ്ട് എൻഡിഎ സഖ്യത്തിൽ ഇല്ല എന്ന് പറഞ്ഞിട്ടുണ്ട്. എൻഡിഎ സഖ്യത്തിന് കേരള ഘടകം സമ്മതവും മൂളിയിട്ടില്ല– കൃഷ്ണൻകുട്ടി പറഞ്ഞു.