തിരുവല്ല
ബിജെപി–-ജെഡിഎസ് ബന്ധത്തെക്കുറിച്ച് മുൻ പ്രധാനമന്ത്രി ദേവഗൗഡ പറഞ്ഞത് സംബന്ധിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കുന്നതാണ് നല്ലതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇതുമായി പിണറായി വിജയനെ എന്തുകൊണ്ടാണ് ബന്ധപ്പെടുത്തിയതെന്ന് അറിയില്ലെന്ന് ഇ പി തിരുവല്ലയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പിണറായി വിജയൻ സിപിഐ എമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗമാണ്. സിപിഐ എമ്മിന്റെ നയപരിപാടികൾക്കും പ്രവർത്തനങ്ങൾക്കും അനുസൃതമായ നിലപാടാണ് അദ്ദേഹമെടുക്കുക. ഇന്ത്യയിൽ ബിജെപിക്കെതിരെയും വർഗീയശക്തികൾക്കെതിരെയും കടുത്ത നിലപാടെടുത്ത നേതാക്കളിൽ ഒരാളാണ് പിണറായി വിജയൻ. ആർഎസ്എസുകാർ അദ്ദേഹത്തിന്റെ തലയ്ക്ക് വില പറഞ്ഞതാണ്. ആ വ്യക്തിയെ ഇത്തരത്തിൽ ബന്ധിപ്പിക്കുന്നത് ഒട്ടും ശരിയല്ല–- -ഇ പി ജയരാജൻ പറഞ്ഞു.