തിരുവനന്തപുരം
നൂറ്റാണ്ട് ജീവിച്ച് ജനമനസ്സിൽ നക്ഷത്രമായി ജ്വലിക്കുന്ന വി എസ് അച്യുതാനന്ദന്റെ പിറന്നാൾദിനം സ്നേഹവും ആവേശവുംകൊണ്ട് നിറച്ച് സമൂഹമാധ്യമ ലോകം. അനുഭവങ്ങളും കവിതകളും ആരാധ്യസാക്ഷ്യങ്ങളുമായി വിവിധ സമൂഹമാധ്യമ പേജുകൾ വി എസിനാൽ ചുവന്നുതുടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി വി എസ്സിന് ജൻമദിനാശംസ നേരുന്നതായി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. മുന്നോട്ടുകുതിക്കാനും പോരാടാനുമുള്ള പ്രചോദനമാണ് വി എസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ത്രഡ്സിൽ കുറിച്ചു. വി എസിന്റെ ചിത്രത്തിനൊപ്പം ‘ആ വരവിങ്കലുണർന്നു ചിരിപ്പൂ പൂവുകൾ, ഞങ്ങടെ സാക്ഷികളത്രേ പൂവുകൾ’ എന്ന വൈലോപ്പിള്ളിയുടെ വരികളാണ് സുനിൽ പി ഇളയിടം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.
‘ചത്തൊടുങ്ങട്ടേ ജീവകോടികൾക്കൊപ്പം ഞാനും ഒരു നക്ഷത്രംപോലെ നീയുണർന്നിരിക്കുക’ എന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വരികൾ നിരവധിപേർ പങ്കുവച്ചപ്പോൾ ഗാനരചയിതാവ് ഹരിനാരായണൻ കുറിച്ചു,‘സഹനവും സമരവും പോരാട്ടവും വിപ്ലവവും ചേർത്ത്, കാലത്തിന്റെ തയ്യൽയന്ത്രം ആകാശംപോലെ, തുന്നിവച്ച നൂറ്റാണ്ടിനെ, ലോകം രണ്ടക്ഷരംകൊണ്ട് അഭിസംബോധന ചെയ്തു’.
കേരളം ഇന്നുവരെ കാണാത്ത പിറന്നാളാഘോഷത്തിൽ സമൂഹമാധ്യമങ്ങളും ചിത്രങ്ങളും വരകളും അനവധി തുന്നിച്ചേർത്തു. മാധ്യമ ലൈബ്രറികളിൽപ്പോലും കാണാനിടയില്ലാത്തത്ര വൈവിധ്യങ്ങളുള്ള നിരവധി ചിത്രങ്ങളാണ് പങ്കുവച്ചുകൊണ്ടിരിക്കുന്നത്. വി എസിന്റെ ജീവിത–- സമര മുഹൂർത്തങ്ങളിൽനിന്ന് ഒപ്പിയെടുത്ത നൂറുചിത്രങ്ങൾ കോർത്തെടുത്ത പോസ്റ്റർ ആവേശംപകരുന്നത്. പതിനായിരങ്ങളെ ആവേശഭരിതരാക്കിയ പ്രസംഗങ്ങളും സിനിമയിൽ അഭിനയിച്ചപ്പോഴത്തെ ഡബ്ബിങ് വീഡിയോയും പ്രചരിച്ചു. ഡബ്ബിങ് കഴിഞ്ഞുപുറത്തിറങ്ങിയ വി എസ് മാധ്യമങ്ങളോടു പറഞ്ഞ മറുപടിയും അതിലുണ്ട്, ‘ഒരു പ്രയാസവുമുണ്ടായില്ല, ഡബ്ബിങ്ങിന്’.
കവികൾ കവിതകൊണ്ടും ചിത്രകാരന്മാർ വരകൊണ്ടും പാട്ടുകാർ ഗീതകങ്ങൾ നിറച്ചും വിപ്ലവകാരിയായ നേതാവിന് ആശംസ നേർന്നപ്പോൾ പുതിയൊരു പിറന്നാൾ ചരിത്രമാണ് കുറിക്കപ്പെട്ടത്.