ബംഗളൂരു
തിരിച്ചടികൾക്കുശേഷം ഓസ്ട്രേലിയയുടെ ഉയിർപ്പ്. മറുവശത്ത് തുടർ ജയങ്ങൾക്കുശേഷം പാകിസ്ഥാന്റെ പതർച്ച. ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ നിർണായക പോരിൽ ഓസീസ് 62 റണ്ണിന് പാകിസ്ഥാനെ കീഴടക്കി. വമ്പൻ ജയത്തോടെ ഓസീസ് ആദ്യ നാലിലെത്തുകയും ചെയ്തു. തുടർച്ചയായ രണ്ടാംതോൽവിയോടെ പാകിസ്ഥാൻ ആദ്യനാലിൽനിന്ന് പുറത്തായി.
ഡേവിഡ് വാർണറുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമായിരുന്നു ബംഗളൂരുവിൽ ഓസീസിന് റൺമലയൊരുക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് വാർണറുടെയും (124 പന്തിൽ 163) മിച്ചെൽ മാർഷിന്റെയും (108 പന്തിൽ 121) സെഞ്ചുറിക്കരുത്തിൽ ഒമ്പതിന് 367 റൺ അടിച്ചുകൂട്ടി. പാകിസ്ഥാൻ മികച്ച രീതിയിൽ തുടങ്ങി. എന്നാൽ, അവസാനഘട്ടത്തിൽ കൈവിട്ടു. 45.3 ഓവറിൽ 305 റണ്ണിനാണ് കൂടാരം കയറിയത്. നാല് വിക്കറ്റുമായി സ്പിന്നർ ആദം സാമ്പ ഓസീസ് ബൗളർമാരിൽ തിളങ്ങി. വാർണറാണ് മാൻ ഓഫ് ദി മാച്ച്.
ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തുടർച്ചയായ കളികളിൽ തോറ്റ പാറ്റ് കമ്മിൻസും സംഘവും ശ്രീലങ്കയെ കീഴടക്കിയാണ് വിജയവഴിയിൽ എത്തിയത്. വാർണറും മാർഷും ആദ്യ വിക്കറ്റിൽ 259 റൺ കൂട്ടിച്ചേർത്തു. പാക് ഫീൽഡർമാരുടെ മോശം പ്രകടനവും ഇവരെ സഹായിച്ചു. വാർണറുടെ ഇന്നിങ്സിൽ ഒമ്പത് സിക്സറും 14 ഫോറും ഉൾപ്പെട്ടു.
മാർഷ് ഒമ്പത് സിക്സറും 10 ഫോറും പറത്തി. ഇരുവരും പുറത്തായശേഷം ഓസീസ് തകർന്നു. 10 ഓവറിൽ 70 റണ്ണെടുക്കുന്നതിനിടെ ആറ് വിക്കറ്റാണ് നഷ്ടമായത്. പാകിസ്ഥാനുവേണ്ടി പേസർ ഷഹീൻ അഫ്രീദി അഞ്ച് വിക്കറ്റ് നേടി. ഹാരിസ് റൗഫ് മൂന്നും.മറുപടിയിൽ അബ്ദുള്ള ഷഫീഖ് (64), ഇമാം ഉൾ ഹഖ് (70), മുഹമ്മദ് റിസ്വാൻ (46) എന്നിവർ പൊരുതിയെങ്കിലും വിജയത്തിലെത്താനായില്ല. ക്യാപ്റ്റൻ ബാബർ അസം 18 റണ്ണിന് മടങ്ങിയത് കനത്ത തിരിച്ചടിയായി.ആദ്യ രണ്ട് കളി ജയിച്ച ബാബറും സംഘവും കഴിഞ്ഞകളിയിൽ ഇന്ത്യയോട് തോറ്റിരുന്നു.