കുന്നംകുളം
വെല്ലുവിളികളില്ലാതെ സംസ്ഥാന കായികോത്സവത്തിൽ പാലക്കാട് ഹാട്രിക് കിരീടം നേടുമ്പോൾ കൂട്ടായ്മയുടെ വിജയമാണ്. 206 അംഗസംഘവുമായി വന്നാണ് നേട്ടം. രണ്ടാംസ്ഥാനത്തുള്ള മലപ്പുറത്തെക്കാൾ 98 പോയിന്റ് ലീഡ്. 28 സ്വർണവും 27 വെള്ളിയും 12 വെങ്കലവുമടക്കം 266 പോയിന്റുണ്ട്.
അഞ്ചാംതവണയാണ് കിരീടം പാലക്കാട്ടേക്ക് പോകുന്നത്. 2012ൽ ആദ്യമായി ജേതാക്കളായി. തുടർന്ന് 2016ൽ വീണ്ടും. അതിനുശേഷം 2019ൽ ചാമ്പ്യൻമാരായി. 2020ലും 2021ലും കോവിഡ്മൂലം കായികോത്സവം നടന്നില്ല. കഴിഞ്ഞവർഷം തിരുവനന്തപുരത്ത് നാലാംകിരീടം.
പറളി, കല്ലടി, മുണ്ടൂർ എന്നീ പേരുകൾമാത്രം കേട്ടിരുന്ന ജില്ലയിൽനിന്ന് കൂടുതൽ സ്കൂളുകൾ മെഡലുമായെത്തി. ചിറ്റൂർ ജിഎച്ച്എസ്എസ്, കൊടുവായൂർ ജിഎച്ച്എസ്എസ്, എയുപിഎസ് മണ്ണിയൻകോട്, മാത്തൂർ സിഎഫ്ഡി സ്കൂൾ എന്നിവ മികവുകാട്ടി. ജില്ലയെ നയിച്ചത് കുമരംപുത്തൂർ കല്ലടി എച്ച്എസ്എസാണ്. നാല് സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവുമാണ് കല്ലടി നേടിയത്. 43 പോയിന്റുമായി മൂന്നാംസ്ഥാനം. 30 പോയിന്റുള്ള പറളി എച്ച്എസിന് നാല് സ്വർണവും നാല് വെള്ളിയുമായി നാലാംസ്ഥാനമാണ്. മുണ്ടൂർ എച്ച്എസ്എസ് ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി.
കുറച്ചുകാലമായി മികവ് തുടരുന്ന ചിറ്റൂർ ജിഎച്ച്എസ്എസ് ഇത്തവണയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ജെ ബിജോയ്യിലൂടെ മൂന്ന് സ്വർണമാണ് സ്കൂളിന്റെ നേട്ടം. ഓരോ വെള്ളിയും വെങ്കലവും സ്കൂളിന്റെ പട്ടികയിലുണ്ട്. പരിമിതമായ സൗകര്യത്തിൽനിന്ന് വരുന്ന എയുപിഎസ് മണ്ണിയൻകോടിന്റെ പ്രകടനം വലിയ കൈയടിനേടി. ഒരു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമായി സ്കൂൾ അപ്രതീക്ഷിത മുന്നേറ്റം നടത്തി. മാത്തൂർ സിഫ്ഡി സ്കൂൾ രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കി. ഒരു സ്വർണവുമായി മോയൻസ് സ്കൂളും പോയിന്റ് പട്ടികയിൽ ഇടംപിടിച്ചു. വടവന്നൂർ സ്കൂളിലേക്ക് ആദ്യമായാണ് സ്വർണം. മുഹമ്മദ് നവാസ്, പി ജി മനോജ്, കെ സുരേന്ദ്രൻ, സിജിൻ, ആർ അജയ്കുമാർ, ആർ അരവിന്ദാക്ഷൻ, കെ ഹരിദേവൻ എന്നീ പരിശീലകരാണ് കുതിപ്പിന് പിന്നിൽ.