കുന്നംകുളം
ഐഡിയലിന്റെ മുന്നേറ്റം ഒറ്റപ്പെട്ടതല്ലായിരുന്നുവെന്നതിന് തെളിവാണ് തുടർച്ചയായി രണ്ടാംതവണയും ചാമ്പ്യൻ സ്കൂൾ കിരീടം. മലപ്പുറം ജില്ലയിലെ തവന്നൂരിനടുത്തുള്ള കടകശേരി ഐഡിയൽ ഇഎച്ച്എസ്എസ് കഴിഞ്ഞതവണയാണ് ആദ്യമായി ജേതാക്കളായത്. ഇക്കുറിയും നേട്ടം ആവർത്തിച്ചു. അഞ്ച് സ്വർണവും ഏഴ് വെള്ളിയും 11 വെങ്കലവുമായി 57 പോയിന്റാണ് സമ്പാദ്യം. ഏഴുതവണ കിരീടം നേടിയ എറണാകുളം കോതമംഗലം മാർബേസിൽ സ്കൂളിനെയാണ് പിന്തള്ളിയത്.
ചിട്ടയായ പരിശീലനവും ആസൂത്രണവുമാണ് വിജയമൊരുക്കിയത്. സീനിയർ ആൺകുട്ടികളിൽ മുഹമ്മദ് മുഹ്സിൻ (ഹൈജമ്പ്, ലോങ്ജമ്പ്, ട്രിപ്പിൾജമ്പ്), റഫീക്ക് അഹമ്മദ് (400 മീറ്റർ ഹർഡിൽസ്), ജൂനിയർ പെൺകുട്ടികളിൽ അഷ്മിക (ഹൈജമ്പ്) എന്നിവർ സ്വർണം നേടി. 30 അംഗ സംഘത്തെയാണ് കുന്നംകുളത്ത് അവതരിപ്പിച്ചത്.
കഴിഞ്ഞവർഷം ഏഴ് സ്വർണവും ഒമ്പത് വെള്ളിയും നാല് വെങ്കലവും സ്കൂൾ നേടിയിരുന്നു. അടുത്തവർഷം ഈ പ്രകടനം മറികടക്കാനുള്ള ശ്രമമുണ്ടാകുമെന്നും ചാമ്പ്യൻപട്ടം നിലനിർത്തുമെന്നും സ്കൂൾ മാനേജർ മജീദ് ഐഡിയൽ പറഞ്ഞു.കായികവിഭാഗം മേധാവി ഷാഫി അമ്മായത്ത്, നദീഷ് ചാക്കോ (ചീഫ് കോച്ച്), ടോമി ചെറിയാൻ (സീനിയർ കോച്ച്), തസ്നീ ഷെരീഫ്, കെ ആർ സുജിത്, ഷൈല ജോർജ് (അസി. കോച്ചുമാർ) എന്നിവരുടെ കീഴിലാണ് പരിശീലനം.