തിരുവനന്തപുരം > പ്ലാന്റേഷൻ ഇതര പ്രവർത്തനങ്ങൾക്കായി തോട്ടങ്ങൾക്ക് നിലവിൽ അനുവദനീയമായ അഞ്ചു ശതമാനം ഭൂപരിധി വർധിപ്പിക്കണമെന്ന ചെറുകിട കർഷകരുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി പി രാജീവ്. കേരളത്തിലെ തോട്ടംമേഖലയിലെ ചെറുകിട കർഷകരുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തെ ആകെ പ്ലാന്റേഷന്റെ 46 ശതമാനവും കേരളത്തിലാണ്. ഇന്ത്യയിൽ ആദ്യമായി പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിച്ചതും അതിനെ വ്യവസായമായി പ്രഖ്യാപിച്ചതും കേരളമാണ്. തോട്ടം മേഖലകളുമായി ബന്ധപ്പെട്ട ലയങ്ങളുടെ പുനരുദ്ധാരണത്തിനായി കർഷകർ എടുക്കുന്ന വായ്പത്തുകയുടെ പലിശ വ്യവസായ വകുപ്പ് തിരികെ നൽകും. പ്ലാന്റേഷൻ അല്ലാതെയുള്ള 10 ഏക്കർ ഭൂമി കർഷകർ കണ്ടെത്തിയാൽ ഇന്ത്യയിൽ ആദ്യമായി ഫ്രൂട്ട് പാർക്ക് തുടങ്ങാനുള്ള അനുമതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തോട്ടങ്ങളോടുചേർന്ന് ഫാം ടൂറിസം സാധ്യമാകും. തോട്ടവിളകളോടുചേർന്ന് ഫലവൃക്ഷങ്ങൾ കൃഷി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് വിവിധ മേഖലയിൽ ശിൽപ്പശാലകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. റമ്പൂട്ടാൻ, അവോക്കാഡോ മുതലായ ഫലവൃക്ഷങ്ങളും മറ്റു വിളകളും പ്ലാന്റേഷൻ പരിധിയിൽ കൊണ്ടുവരണമെന്നും കൂടുതൽ ഭൂമി അതിനായി ഉപയോഗിക്കാനുള്ള അനുമതി നൽകണമെന്നും ചെറുകിട കർഷകർ മന്ത്രിയോട് ആവശ്യപ്പെട്ടു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ ഡയറക്ടർ എസ് ഹരികിഷോർ, ഡോ. കെ എസ് കൃപകുമാർ എന്നിവർ സംസാരിച്ചു.