ന്യൂഡൽഹി > ചെലവഴിക്കാൻ മൂവായിരം കോടി രൂപയോളം നീക്കിയിരുപ്പുള്ള അയോധ്യ രാക്ഷേത്ര ട്രസ്റ്റിസ് വിദേശത്തു നിന്ന് പണം സ്വീകരിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്സിആർഎ) പ്രകാരം വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള ലൈസൻസ് നൽകിയത്. അനുമതി ലഭിച്ചുവെന്ന് ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായ് സ്ഥിരീകരിച്ചു. 2024 ജനുവരിയിൽ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ക്ഷേത്ര നിർമാണത്തിനായി ഇതുവരെ 900 കോടി രൂപയാണ് ചെലവാക്കിയതെന്നും നിധി സമർപൻ അഭിയാൻ’ വഴി സമാഹരിച്ച 3000 കോടിയോളം രൂപ ബാക്കിയുണ്ടെന്നും റായ് വ്യക്തമാക്കി. ഓൺലൈൻ മുഖേന ട്രസ്റ്റ് സമർപ്പിച്ച അപേക്ഷയിലാണ് കേന്ദ്രത്തിന്റെ ഉടനടിയുള്ള അനുമതിയെന്നതും ശ്രദ്ധേയമാണ്. രണ്ടുവർഷം വൈകിച്ച മസ്ജിദ് നിർമാണത്തിന് അന്തിമ നിർമാണ അനുമതി സർക്കാർ നൽകിയത് ഈ വർഷം മാത്രമാണ്.
കേന്ദ്രത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിമർശിക്കുന്ന സംഘടനകളുടെയും ട്രസ്റ്റുകളുടെയും ലൈസൻസ് കൂട്ടമായി റദ്ദാക്കുന്നതിനിടെയാണ് ക്ഷേത്ര ട്രസ്റ്റിന് പച്ചക്കൊടി. എൻജിഒകൾക്ക് പുറമേ ക്രൈസ്തവവരടക്കമുള്ള മതന്യൂനപക്ഷങ്ങളുടെ ട്രസ്റ്റുകളുടെയും എഫ്സിആർഎ ലൈസൻസ് റദ്ദാക്കിയിരുന്നു. ഇതിൽ അഗതികൾക്കായി ജീവിതം സമർപ്പിച്ച മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയും ഉൾപ്പെടും. ഡൽഹിയിലെ ജാമിയ മില്ലിയ യൂണിവേഴ്സിറ്റി, ഓക്സ്ഫാം ഇന്ത്യ തുടങ്ങിയവയ്ക്ക് പുറമേ ഇമ്മാനുവൽ ഹോസ്പിറ്റൽ അസോസിയേഷൻ , കാരിത്താസ്, ഇന്ത്യൻ ക്ഷയരോഗ അസോസിയേഷൻ അടക്കമുള്ള ആശുപത്രികളുടെയും ലൈസൻസും റദ്ദാക്കിയിരുന്നു. ലൈൻസ് പിൻവലിച്ചാൽ പണം സ്വീകരിക്കാൻ തടസം നേരിടുന്നതിനൊപ്പം വിദേശപണം ഉപയോഗിച്ച് നേടിയ ആസ്തിയും സർക്കാരിന് ഏറ്റെടുക്കാനാകും. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പതിനായിരക്കണക്കിന് എൻജിഒകളുടെ ലൈസൻസാണ് ഉത്തരത്തിൽ റദ്ദാക്കിയത്.
2018ലെ പ്രളയത്തിൽ കനത്ത നാശനഷ്ടം നേരിട്ട കേരളത്തിന് സാമ്പത്തിക സഹായം ഗൾഫ് രാഷ്ട്രങ്ങളടക്കം വാഗ്ദാനം ചെയ്തപ്പോൾ പണം സ്വീകരിക്കാൻ കേന്ദ്രം അനുവദിച്ചിരുന്നില്ല. അന്ന് യുഎഇ മാത്രം 700 കോടി രൂപയാണ് നൽകാൻ സന്നദ്ധതയറിയിച്ചത്. ഖത്തർ,മാലദ്വീപ്, തായ്ലൻഡ് രാജ്യങ്ങളും പ്രളയാനന്തരമുള്ള കേരളത്തിന്റെ പുനരധിവാസത്തിന് സഹായ ഹസ്തം നീട്ടിയെങ്കിലും കേന്ദ്രം തട്ടിയകറ്റി. നൽകിയ 89,540 മെട്രിക്ക് ടൺ അരിക്കായി 205.81 കോടി രൂപയും അന്ന് കേന്ദ്രം പിടിച്ചുവാങ്ങിയിരുന്നു.