കണ്ണൂർ
കേരള ശാസ്ത്ര സാങ്കേതിക സർവകലാശാലാ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ നേടിയ ഉജ്വല വിജയത്തിന്റെ കുറിപ്പുകളാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. വലതുപക്ഷ സംഘടനകളും മുഖ്യധാരാ മാധ്യമങ്ങളും വേട്ടയാടിയിട്ടും ക്യാമ്പസുകളിൽ എസ്എഫ്ഐ വിജയക്കൊടി പാറിച്ചതിന്റെ ആഘോഷം. എന്നാൽ, ഏറെപ്പേരും പങ്കുവച്ചതും വൈറലായതും ഒരു കുറിപ്പിനുകീഴിൽവന്ന കമന്റായിരുന്നു. എസ്എഫ്ഐയുടെ വിജയത്തെക്കുറിച്ച് സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയുടെ ഫെയ്സ്ബുക്ക് കുറിപ്പിനുകീഴെ ധീരരക്തസാക്ഷി ധീരജിന്റെ അമ്മ പുഷ്കല ഇട്ട കമന്റാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.
‘പ്രസ്ഥാനത്തിനുവേണ്ടി ജീവൻ ബലികൊടുത്ത ഒരു മകന്റെ അമ്മയുടെ വേദനയിൽ കുതിർന്ന ഹൃദയാഭിവാദ്യം’–- പുഷ്കല കുറിച്ചതിങ്ങനെയാണ്. കണ്ടു കൊതിതീരുംമുമ്പേ കെഎസ്യു–- യൂത്ത് കോൺഗ്രസ് നരാധമസംഘത്തിന്റെ കൊലക്കത്തിക്കിരയായ മകനെക്കുറിച്ചുള്ള തീരാനോവിൽനിന്നാണ് ആ അമ്മ ഇങ്ങനെ കുറിച്ചത്. ‘ ഇതിലുമേറെ ഈ ദിനം ചുവപ്പിക്കാൻ വേറെന്തുവേണം ഞങ്ങൾക്ക്’ എന്ന കുറിപ്പോടെ കെ അനുശ്രീ ഈ കമന്റ് റീപോസ്റ്റ് ചെയ്തതോടെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു.
ധീരജിന്റെ രക്തസാക്ഷിത്വത്തെപ്പോലും നിരന്തരം അപമാനിക്കുകയാണ് കെഎസ്യു, കോൺഗ്രസ് നേതാക്കൾ. വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളേജിൽ കെഎസ്യു നേതാക്കാളുടെ ഭീഷണിയുണ്ടായി–- ‘ധീരജിന്റെ അവസ്ഥയുണ്ടാകുമെന്ന്’. ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പലതവണ ആവർത്തിച്ചു. മകൻ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദന ഇനി മറ്റൊരു അച്ഛനും അമ്മയ്ക്കും ഉണ്ടാകരുതെന്ന് ധീരജിന്റെ അമ്മ പുഷ്കല പറഞ്ഞു. മകൻ സ്നേഹിച്ച പ്രസ്ഥാനം ഇപ്പോഴും നെഞ്ചിലുള്ളതുകൊണ്ടാണ് ഫെയ്സ്ബുക്കിൽ അങ്ങനെ കുറിച്ചതെന്നും പുഷ്കല പറഞ്ഞു.