ന്യൂഡൽഹി
ദേശീയതലത്തിൽ ബിജെപിക്കെതിരായി രൂപപ്പെട്ട ഇന്ത്യാ കൂട്ടായ്മയെന്ന ആശയത്തെ മധ്യപ്രദേശിൽ കോൺഗ്രസ് ഇല്ലാതാക്കിയെന്ന് സമാജ്വാദി പാർടി പ്രസിഡന്റ് അഖിലേഷ് യാദവ്. കോൺഗ്രസ് വഞ്ചനയാണ് കാട്ടിയത്. ആറുസീറ്റ് നൽകാമെന്ന് അറിയിച്ചിരുന്നു. അതുകൊണ്ടാണ് ദിഗ്വിജയ് സിങ്ങുമായി ചർച്ചയ്ക്ക് എസ്പി പ്രതിനിധികളെ അയച്ചത്. കൂട്ടായ്മയില്ലെന്ന് അറിഞ്ഞിരുന്നെങ്കിൽ പ്രതിനിധികളെ അയക്കുമായിരുന്നില്ല.
ബിജെപിയുമായി ഒത്തുകളിക്കുന്ന കോൺഗ്രസിലെ ചില നേതാക്കളാണ് സഖ്യസാധ്യതകൾ അട്ടിമറിച്ചതെന്നും അഖിലേഷ് പറഞ്ഞു. മധ്യപ്രദേശിൽ എസ്പിയുടെ സിറ്റിങ് സീറ്റിലടക്കം കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ സഖ്യമില്ലെന്ന് എസ്പി നേതൃത്വം വ്യക്തമാക്കിയിരുന്നു. 22 സീറ്റിലേക്ക് എസ്പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.