കൊച്ചി > തൊഴിലുറപ്പു പദ്ധതി സംബന്ധിച്ച് സംഘ്പരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന വ്യാജ വാർത്ത തുറന്നുകാട്ടി മന്ത്രി എം ബി രാജേഷ്. തൊഴിലുറപ്പ് ക്ഷേമനിധിയിലെ ആനുകൂല്യങ്ങൾ കേന്ദ്രസർക്കാർ നൽകുന്നതാണെന്ന തരത്തിൽ പ്രചരിപ്പിക്കുന്നതിനെതിരെയാണ് മന്ത്രി രംഗത്തെത്തിയത്. “തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രസവത്തിന് 7500 രൂപ, ചികിത്സയ്ക്ക് 10000′ എന്ന തലക്കെട്ടോടെ മാതൃഭൂമി പത്രത്തിൽ വന്ന വാർത്തയാണ് മോഡിയുടെ ചിത്രം ചേർത്ത് കേന്ദ്രത്തിന്റേതാണെന്ന മട്ടിൽ പ്രചരിപ്പിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയത് കേരളത്തിലാണ്. 2023 മെയ് 15 ന് പാലക്കാടായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.
തൊഴിലുറപ്പ് ആനുകൂല്യങ്ങൾ കേന്ദ്രം അനുവദിച്ചതാണെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി മാതൃഭൂമി വാർത്ത നൽകിയിട്ടുണ്ട്. ഇന്ത്യ ടുഡേ ഫാക്ട് ചെക്കിന്റെ വാർത്തയും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പങ്കുവച്ചിട്ടുണ്ട്.
മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:
നേരും നെറിയും ഇല്ലെന്നത് പോകട്ടെ, ലജ്ജ എന്നൊരു വികാരം പോലും സംഘപരിവാറിന് ഇല്ലേ? കേന്ദ്ര സർക്കാർ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന തൊഴിലുറപ്പു പദ്ധതി രാജ്യത്തിനാകെ മാതൃകയാകും വിധത്തിൽ കേരളം നടപ്പാക്കുമ്പോൾ അത് മോഡി ചെയ്തതാണ് എന്ന് പ്രചരിപ്പിക്കാൻ അസാമാന്യമായ നെറികേടും തൊലിക്കട്ടിയും വേണം. ഇന്ത്യയിൽ ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയത് കേരളത്തിലാണ്. 2023 മെയ് 15 ന് പാലക്കാട്ട് പതിനായിരക്കണക്കിനാളുകൾ പങ്കെടുത്ത പൊതുസമ്മേളനത്തിൽ ബഹു. മുഖ്യമന്ത്രി സ. പിണറായി വിജയനാണ് അതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ആ തൊഴിലുറപ്പ് ക്ഷേമനിധിയിലെ പ്രധാന ആനുകൂല്യങ്ങൾ ഇവയാണ്.
1. 60 വയസ് തികഞ്ഞവർക്ക് പെൻഷൻ
2. 20,000 രൂപ വരെ കുടുംബത്തിന് മരണാനന്തര സഹായം. 10 വർഷം അംശാദായം അടച്ചയാൾ മരിച്ചാൽ കുടുംബപെൻഷൻ
3. ജോലി ചെയ്യാൻ കഴിയാതെ വന്നാൽ അടച്ച പണം പലിശ സഹിതവും, അവശതാ പെൻഷനും നൽകും
4. 7500 രൂപ പ്രസവ ആനുകൂല്യം
5. ചികിത്സാച്ചെലവായി 10,000 രൂപ വീതം
6. വനിതാ അംഗങ്ങളുടെയും, പ്രായപൂർത്തിയായ മക്കളുടെയും വിവാഹച്ചെലവിന് 5000 രൂപ
അതേക്കുറിച്ച് എല്ലാ പത്രങ്ങളിലും വാർത്ത വരുന്നു. മാതൃഭൂമിയിൽ വന്ന വാർത്തയുടെ കൂടെ പ്രധാനമന്ത്രിയുടെ പടം കൂടി ചേർത്ത് , ഇതെല്ലാം കേന്ദ്ര സർക്കാർ കൊടുക്കുന്നതാണ് എന്ന വ്യാപക പ്രചാരണമാണ് സംഘപരിവാർ കേന്ദ്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയത്. സ്വന്തമായി ഒന്നും ചെയ്യുകയുമില്ല, വല്ലവരും ചെയ്യുന്നത് സ്വന്തം പേരിലാക്കുകയും ചെയ്യും. സ്വാതന്ത്ര്യ സമര കാലം മുതൽ ഈ അടിച്ചുമാറ്റാൻ നടന്നുകൊണ്ടിരിക്കുകയാണല്ലോ. ആ വാർത്തയെ മുൻനിർത്തിയുള്ള പ്രചാരണം വ്യാജമാണെന്ന് ആദ്യം ഫാക്ട് ചെക്കിലൂടെ പുറത്തുകൊണ്ടുവന്നത് മാതൃഭൂമി തന്നെയാണ്. തങ്ങളുടെ വാർത്ത മുൻനിർത്തി കേന്ദ്ര സർക്കാർ പദ്ധതിയാണെന്ന പ്രചാരണം വ്യാജമാണെന്ന് മാതൃഭൂമി വ്യക്തമാക്കുകയുണ്ടായി. (https://www.mathrubhumi.com/…/the-center-has-sanctioned…) പിന്നീട് ഇന്ത്യ ടുഡേയും ഇക്കാര്യം ഫാക്ട് ചെക്കിലൂടെ കണ്ടെത്തി (https://malayalam.indiatoday.in/…/fact-check-mgnreg… ). മാതൃഭൂമിക്കും ഇന്ത്യ ടുഡേക്കും അഭിനന്ദനങ്ങൾ.
പക്ഷെ ഇതിനകം വ്യാജ പ്രചാരണം ലക്ഷക്കണക്കിനാളുകളിൽ എത്തിക്കാണും. സത്യം ചെരുപ്പിടുമ്പോഴേക്ക് നുണ ലോകം ചുറ്റിക്കഴിഞ്ഞിരിക്കും എന്നാണല്ലോ ചൊല്ല്. അതുകൊണ്ട് സംഘപരിവാറിന്റെ ഈ നെറികെട്ട വ്യാജവാർത്തയെ, ലജ്ജയില്ലാത്ത മോഷണത്തെ തുറന്നുകാട്ടുക കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ രാജ്യത്തിന് മാതൃകയായ ബദൽ ക്ഷേമപദ്ധതിയുടെ സത്യം ജനങ്ങളിലെത്തിക്കുക. അതിനായി ഈ സത്യം കഴിയുന്നത്ര ജനങ്ങളിലെത്തിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു. വ്യാജ വാർത്തകൾക്കും മോഷണശ്രമങ്ങൾക്കുമെതിരെ കരുതിയിരിക്കുക