കൊല്ലം
വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ നാലുപതിറ്റാണ്ടിലേറെ നിറഞ്ഞുനിന്ന കുണ്ടറ ജോണിക്ക് (70) ആദരാഞ്ജലി. ചൊവ്വാഴ്ച രാത്രി അന്തരിച്ച കുണ്ടറ ജോണിയുടെ മൃതദേഹം കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ പൊതുദർശനത്തിനു വച്ചപ്പോൾ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, എൻ കെ പ്രേമചന്ദ്രൻ എംപി, കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, താരസംഘടനയായ അമ്മയ്ക്കുവേണ്ടി എം മുകേഷ് എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, എൻസിപി ജില്ലാ പ്രസിഡന്റ് ജി പത്മാകരൻ, നടന്മാരായ ഷമ്മി തിലകൻ, രാജേഷ് ശർമ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. രാവിലെ താമസസ്ഥലമായ കൊല്ലം കാങ്കത്തുമുക്കിലെ ഫ്ലാറ്റിലും ഉച്ചകഴിഞ്ഞ് ജന്മസ്ഥലമായ കുണ്ടറയിലും പൊതുദർശനത്തിന് വച്ചു. സംസ്കാരം വ്യാഴാഴ്ച പകൽ 10.30ന് കുണ്ടറ കാഞ്ഞിരോട് സെന്റ് ആന്റണീസ് ഫെറോന ചർച്ച് സെമിത്തേരിയിൽ.
മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി അഞ്ഞൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ജോണി 1979ൽ പുറത്തിറങ്ങിയ ‘നിത്യവസന്ത’ത്തിലൂടെയാണ് സിനിമയിലെത്തിയത്. പഠനകാലത്ത് ആറുവർഷം കൊല്ലം ജില്ലാ ഫുട്ബോൾ ടീം അംഗമായിരുന്നു. സർവകലാശാല ഫുട്ബോൾ ടീമിലും കളിച്ചു.