തിരുവനന്തപുരം
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ എല്ലാ വകുപ്പുകളും ദേവസ്വം ബോർഡും സംയുക്തമായി സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ശബരിമല അവലോകന യോഗത്തിലാണ് തീരുമാനം.
ശബരിമലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ട്രഷറി നിയന്ത്രണമൊഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയും പരിസരവും വൃത്തിയോടെ സൂക്ഷിക്കണം. ഇത് സമഗ്രമായി വിശുദ്ധിസേനാംഗങ്ങൾ ചെയ്യുന്നുണ്ട്. അവരുടെ വേതനക്കാര്യം ദേവസ്വം ബോർഡ് അനുഭാവപൂർവം പരിഗണിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ശബരിമലയിൽനിന്ന് നിലയ്ക്കലിലേക്കും തിരിച്ചും കണ്ടക്ടർ ഇല്ലാതെയാണ് കെഎസ്ആർടിസി സർവീസ്. ഡ്രൈവർ തന്നെയാണ് ടിക്കറ്റ് നൽകുന്നത്. ഈ രീതി തുടരാമെന്ന് തീരുമാനമായി.
മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ രാജൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, ജി ആർ അനിൽ, മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, വീണാ ജോർജ്, എംപി, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, ചീഫ് സെക്രട്ടറി ഡോ. വി വേണു, കലക്ടർമാർ, സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേക്ക് ദർവേഷ് സാഹിബ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിച്ചു.
ക്യൂവിന് തിരുപ്പതി മാതൃക –
18 ക്യൂ കോംപ്ലക്സുകളാണ് ശബരിമലയിലുള്ളത്. ഇവ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ യോഗത്തിൽ അറിയിച്ചു. തിരുപ്പതി മാതൃക നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പതിനെട്ടാം പടിക്ക് മുകളിൽ ഒരു ഫോൾഡിങ് റൂഫും ഭണ്ഡാരത്തിനു മുന്നിൽ മെറ്റൽ ഡിറ്റക്ടർ സ്ഥാപിക്കും. ഭണ്ഡാരത്തിൽനിന്ന് ഒരു എമർജൻസി എക്സിറ്റും ഉണ്ടാകും. ആധുനിക രീതിയിലുള്ള 168 മൂത്രപ്പുരയുടെ നിർമാണം അന്തിമഘട്ടത്തിലാണ്. ഇതിൽ 36 എണ്ണം വനിതകൾക്കാണ്. കുഴഞ്ഞു വീഴുന്നവരെ സ്ട്രെച്ചറിൽ ആരോഗ്യകേന്ദ്രങ്ങളിൽ എത്തിക്കാൻ മൂന്ന് ടീം ഉണ്ടാകും.
ഇത്തവണ 250
സ്പെഷ്യൽ ട്രെയിൻ-
കഴിഞ്ഞ സീസണിൽ 218 സ്പെഷ്യൽ ട്രെയിനാണ് സർവീസ് നടത്തിയതെന്നും ഇത്തവണ 250 എണ്ണമാണ് പ്രതീക്ഷിക്കുന്നതെന്നും റെയിൽവേ അധികൃതർ. വന്യജീവി ആക്രമണം തടയുന്നതിന് നാല് റാപ്പിഡ് റെസ്പോൺസ് ടീമും ഉണ്ടാകുമെന്ന് വനംവകുപ്പ് അറിയിച്ചു. മൂന്ന് സ്നേക്ക് റെസ്ക്യൂ ടീമും രണ്ട് എലിഫന്റ് സ്ക്വാഡും പ്രവർത്തിക്കും. കടകളിൽ നിൽക്കുന്നവർക്ക് ഹെൽത്ത് കാർഡുണ്ടെന്ന് ആരോഗ്യവകുപ്പ് ഉറപ്പാക്കും. ആദ്യ ഘട്ടത്തിൽ 350 ബസും 528 ജീവനക്കാരെയും കെഎസ്ആർടിസി നിയോഗിക്കും.
1852 അഗ്നിശമന
സേനാംഗങ്ങൾ
അഗ്നിശമനസേന 1852 പേരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. പമ്പയിലെ സ്നാനഘട്ടങ്ങളിൽ അപകടം ഒഴിവാക്കാൻ സ്കൂബ ഡൈവേഴ്സിനെയും റബർ ബോട്ടും ഏർപ്പെടുത്തും. ഭക്ഷ്യസുരക്ഷാ വകുപ്പ് കൃത്യമായ ഇടവേളകളിൽ ഭക്ഷണശാലകളിൽ പരിശോധന നടത്തും. റോഡുകൾ ഗതാഗതയോഗ്യമാക്കും.