തൃശൂർ
കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രതിസന്ധി മറികടക്കാനും നിക്ഷേപകർക്ക് പണം തിരിച്ചുനൽകാനും സർക്കാർ പ്രഖ്യാപിച്ച പാക്കേജ് പ്രകാരം, നിക്ഷേപം നടത്തിയ സംഘങ്ങൾക്ക് ഒരു വർഷം പൂർത്തിയായപ്പോൾ 84 ലക്ഷം രൂപ പലിശ നൽകി. കഴിഞ്ഞ വർഷം സെപ്തംബർ, ഒക്ടോബർ മാസങ്ങളിലാണ് ജില്ലയിലെ വിവിധ സംഘങ്ങൾ കരുവന്നൂർ സഹകരണ ബാങ്കിൽ 10.6 കോടി രൂപ സ്ഥിരനിക്ഷേപം നടത്തിയത്.
ഇതിന്റെ പലിശ കഴിഞ്ഞ ദിവസങ്ങളിൽ അതത് സംഘങ്ങളുടെ അക്കൗണ്ടിലെത്തി. ഈ മാസം മൂന്നിന് എറണാകുളത്ത് കരുവന്നൂർ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളും മന്ത്രി വി എൻ വാസവനും പങ്കെടുത്ത യോഗത്തിൽ രണ്ടാം ഘട്ട പാക്കേജും പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഒറ്റത്തവണ വായ്പാ കുടിശ്ശിക തീർപ്പാക്കൽ നടപ്പാക്കാൻ തീരുമാനിച്ചു. ആദ്യഘട്ടത്തിൽ സഹകരണ ക്ഷേമനിധിയിൽനിന്ന് പ്രഖ്യാപിച്ച 10 കോടി രൂപയുടെ ബാക്കി അഞ്ചുകോടി രൂപയുടെ ചെക്ക് കഴിഞ്ഞ ദിവസം കരുവന്നൂർ ബാങ്കിലെത്തി. സ്വർണപ്പണയ വായ്പയ്ക്കും ഭൂപണയ വായ്പയ്ക്കുമുള്ള തുകയാണിത്. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ അധ്യക്ഷതയിൽ സഹകരണ സംഘം പ്രസിഡന്റുമാരുടെ യോഗവും തൃശൂരിൽ ചേർന്നു. ഇതിൽ 24.4 കോടി രൂപ നിക്ഷേപം സ്വീകരിക്കാനും തീരുമാനിച്ചു. 50.75 കോടി രൂപയാണ് രണ്ടാം ഘട്ട പാക്കേജായി സർക്കാർ പ്രഖ്യാപിച്ചത്. ജില്ലയിലെ സഹകരണസംഘങ്ങളിൽനിന്ന് രണ്ടാം ഘട്ടമായി 9.4 കോടിയും മൂന്നാംഘട്ടമായി 15 കോടിയും നിക്ഷേപം സ്വീകരിക്കും.
സർക്കാർ പ്രഖ്യാപിച്ച പാക്കേജ് കരുവന്നൂർ ബാങ്കിന് ആശ്വാസമാണെന്നും ബിസിനസ് വർധിപ്പിക്കാനുള്ള ഇടപെടൽ ഫലം കാണുന്നതായും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ പി കെ ചന്ദ്രശേഖരൻ പറഞ്ഞു. എട്ട് ശതമാനം പലിശയ്ക്ക് സ്വർണപ്പണയ വായ്പ നൽകുന്ന പദ്ധതിക്ക് മികച്ച സ്വീകാര്യത ലഭിച്ചതായും ചന്ദ്രശേഖരൻ പറഞ്ഞു.