തിരുവനന്തപുരം> ‘ഓപ്പറേഷൻ അജയ് ‘യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും 22 മലയാളികൾ കൂടി നാട്ടിലെത്തി. ഒക്ടോബർ 17ന് ഡൽഹിയിൽ എത്തിയ അഞ്ചാം വിമാനത്തിലെ 22 മലയാളികളാണ് നോർക്ക റൂട്ട്സ് മുഖേന ഇന്ന് നാട്ടിൽ തിരിച്ചെത്തിയത്. 14 പേർ രാവിലെ 7.40 നുളള ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലും എട്ടു പേർ രാവിലെ 11.40 നുളള വിസ്താര വിമാനത്തിൽ തിരുവനന്തപുരത്തുമാണ് എത്തിയത്. ഇവർക്ക് ഡൽഹിയിൽ നിന്നുളള വിമാനടിക്കറ്റുകൾ നോർക്ക റൂട്ട്സ് ലഭ്യമാക്കിയിരുന്നു.
കൊച്ചിയിലെത്തിയ ഇവരെ നോർക്ക റൂട്ട്സ് പ്രതിനിധികളായ ആഷ്ലി വർഗ്ഗീസ്, ആർ രശ്മികാന്ത് എന്നിവരുടെയും തിരുവനന്തപുരത്തെത്തിയ സംഘത്തെ മനേജ് കുമാർ എച്ച്, സുനിൽകുമാർ. സി ആർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ‘ഓപ്പറേഷൻ അജയ് ‘യുടെ ഭാഗമായി ഇതുവരെ വിദ്യാർത്ഥികൾ ഉൾപ്പെടെ 97 മലയാളികളാണ് ഇസ്രായേലിൽ നിന്നും നാട്ടിൽ തിരിച്ചത്തിയത്.