കുന്നംകുളം > പ്രധാന നഗരങ്ങളിൽമാത്രമുണ്ടായിരുന്ന സിന്തറ്റിക് ട്രാക്കുകൾ ഇപ്പോൾ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലുമെത്തിയത് വലിയ മാറ്റമാണെന്ന് ഇന്ത്യൻ ഹോക്കി ഗോൾകീപ്പറും ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവുമായ പി ആർ ശ്രീജേഷ്. കുന്നംകുളം പോലുള്ള സ്ഥലങ്ങളിൽ സിന്തറ്റിക് ട്രാക്കുകൾ ഒരുക്കിയത് കായികകേരളത്തിന് വലിയ പ്രതീക്ഷയാണ്. ഗ്രാമങ്ങളിലേക്ക് കൂടുതൽ സൗകര്യങ്ങൾ എത്തുന്നത് കൂടുതൽ താരങ്ങളെ സൃഷ്ടിക്കും.
വർഷങ്ങൾക്കുമുമ്പ് ജില്ലാതലത്തിൽ ഷോട്ട്പുട്ട് മത്സരത്തിൽ പങ്കെടുത്ത ഓർമകളാണ് ട്രാക്കിലെത്തുമ്പോഴുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പഠിക്കുന്ന കാലത്ത് ലോങ്ജമ്പിലും ഷോട്ട്പുട്ടിലും ഓട്ടമത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഹോക്കിയിലേക്ക് തിരിഞ്ഞതോടെ ട്രാക്കിലേക്ക് പോയിട്ടില്ല.
അത്ലീറ്റുകൾക്ക് പ്രചോദനമാകാൻ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ താരങ്ങൾ കായികമേളയുടെ വേദിയിലെത്തും. ഏഷ്യൻ ഗെയിംസിൽ വിജയികളായ മലയാളി താരങ്ങൾക്ക് നാളെ തിരുവനന്തപുരത്ത് സർക്കാർ സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഇതിൽ സന്തോഷത്തോടെ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയത്തിൽ ശ്രീജേഷിനൊപ്പം ഫോട്ടോയെടുക്കാനും അഭിനന്ദനമറിയിക്കാനും കായികതാരങ്ങളും അധ്യാപകരുമെത്തി.