ന്യൂഡൽഹി> ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച തെറ്റിദ്ധാരണജനകവും ആക്ഷേപകരവുമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ന്യൂസ്ക്ലിക്കിനെതിരെ ഡൽഹി പൊലീസ് ഭീകരവിരുദ്ധനിയമപ്രകാരം കേസെടുത്തതെന്ന് അമേരിക്കൻ സംരംഭകൻ നെവില്ലെ റോയി സിങ്കം. ചൈനീസ് സർക്കാരിന്റെ പ്രചാരണാർഥം റോയി സിങ്കം ന്യൂസ്ക്ലിക്കിൽ പണം നിക്ഷേപിച്ചുവെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിനെതുടർന്നാണ് കേസ്. മാധ്യമസ്വാതന്ത്ര്യം ദുരുപയോഗം ചെയ്താണ് ന്യൂയോർക്ക് ടൈംസ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതെന്ന് റോയി സിങ്കം പ്രസ്താവനയിൽ പറഞ്ഞു.
ചൈനീസ് സർക്കാരിന്റെയോ കമ്യൂണിസ്റ്റ് പാർടിയുടെയോ പ്രചാരണ വിഭാഗത്തിൽനിന്നോ മറ്റേതെങ്കിലും വകുപ്പിൽനിന്നോ താൻ ഫണ്ട് വാങ്ങിയിട്ടില്ലെന്ന് റോയി സിങ്കം വ്യക്തമാക്കി. ദീർഘകാലം ബഹുരാഷ്ട്ര കമ്പനി നടത്തിയ തനിക്ക് ഓരോ രാജ്യത്തെയും നിക്ഷേപനിയമങ്ങൾ അറിയാം. ചൈനീസ് കമ്പനികളായ വിവോ, ഷിയോമി എന്നിവയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളുമായി എഫ്ഐആറിൽ തന്നെ ബന്ധിപ്പിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.