തിരുവനന്തപുരം> മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ആളില്ലാ പരീക്ഷണപ്പറക്കൽ 21ന്. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് രാവിലെ ഏഴിനും ഒമ്പതിനും ഇടയിലാണ് വിക്ഷേപണം. ഗഗൻയാൻ സുരക്ഷാപരിശോധനയുടെ ഭാഗമായുള്ള ആദ്യ ദൗത്യമാണിത്. പേടകം ശബ്ദാതീത വേഗത്തിലേക്ക് കടക്കുമ്പോൾ തകരാർ ഉണ്ടായാൽ ബഹിരാകാശ സഞ്ചാരികളെ രക്ഷിക്കാനുള്ള സാങ്കേതികവിദ്യ പൂർണതോതിൽ ഈ ഘട്ടത്തിൽ പരിശോധിക്കും. പ്രത്യേക മോട്ടോർ പ്രവർത്തിപ്പിച്ച് ക്രൂമോഡ്യൂളിനെ ദൂരേക്ക് തൊടുത്തുവിടും. അറുപതാം സെക്കൻഡിൽ 17 കിലോമീറ്റർ ഉയരത്തിൽ പേടകം എത്തുമ്പോഴാണ് ദൗത്യം തുടങ്ങുക.
പേടകം പത്ത് കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ നിശ്ചിത സ്ഥലത്ത് സുരക്ഷിതമായി പതിക്കും. എട്ട് പാരച്യൂട്ടുകളുടെ സഹായത്തോടെയാണിത്. നാവികസേനയുടെ കപ്പലിൽ പേടകം കരയിലെത്തിക്കും. തദ്ദേശീയമായി വികസിപ്പിച്ച വേഗനിയന്ത്രണ സംവിധാനങ്ങൾ, സോഫ്റ്റ്വെയർ, നാവിഗേഷൻ, ടെലിമെട്രി തുടങ്ങിയവയുടെ ക്ഷമതയും വിലയിരുത്തിയാകും തുടർ പരീക്ഷണങ്ങൾ.
അവസാനവട്ട ഒരുക്കങ്ങൾ തുടങ്ങിയതായി ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് ‘ദേശാഭിമാനി’യോട് പറഞ്ഞു. 15 മിനിറ്റിനുള്ളിൽ ദൗത്യം പൂർത്തിയാകും. പ്രത്യേകമായി രൂപകൽപ്പന ചെയ്ത റോക്കറ്റാണ് പരീക്ഷണപ്പറക്കലിനായി ഉപയോഗിക്കുക. ചെലവുകുറഞ്ഞ സാങ്കേതിക വിദ്യ എന്നതും പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു. കൗണ്ട് ഡൗൺ വെള്ളിയാഴ്ച ആരംഭിക്കും. രണ്ടു വർഷത്തിനുള്ളിൽ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്.