ലോക സിനിമയിൽ ഇറാന്റെ സ്ഥാനം ഉറപ്പിച്ചെടുത്ത അസാമാന്യ പ്രതിഭയാണ് ദാരിയുഷ് മെഹർജുയി. സെൻസർഷിപ്പിനെ കലാപരമായും ബുദ്ധിപരമായും മറികടക്കുന്ന സിനിമകളായിരുന്നു അദ്ദേഹത്തിന്റേത്. മതപരമായ ചുറ്റുപാടുകളിലാണ് വളർന്നതെങ്കിലും സംഗീതം,ചിത്രകല, സിനിമ എന്നിവയിലൂടെയുള്ള സഞ്ചാരത്തിലൂടെ 15–-ാം വയസ്സിൽ കടുത്ത മതവിശ്വാസങ്ങൾ ഉപേക്ഷിച്ചു. പന്ത്രണ്ടാം വയസ്സിൽ സ്വന്തമായി 35 എം എം പ്രൊജക്ടറുണ്ടാക്കി സിനിമകൾ വാടക്കെടുത്ത് അയൽവാസികൾക്കിടയിൽ ടിക്കറ്റ് വിറ്റ് സിനിമ പ്രദർശിപ്പിച്ചു. സിനിമയാണ് ജീവിതമെന്ന് തിരിച്ചറിഞ്ഞ് 1959ൽ സിനിമ പഠിക്കാനായി ലൊസ് ആഞ്ചലസിലേക്ക് പോയി.
ഹോളിവുഡ് സിനിമയിലെ സാങ്കേതികതയിൽ മനംമടുത്ത് സിനിമാപഠനം ഉപേക്ഷിച്ച് തത്വചിന്ത പഠിച്ചു. തിരക്കഥ എഴുതി അത് സിനിയാക്കാനായി തെഹ്റാനിലേക്ക് മടങ്ങി. ഈ യാത്രയാണ് ഇറാനിലെ നവസിനിമയുടെ ആരംഭത്തിലേക്കെത്തിയത്. 1969ൽ നിർമിച്ച ഗാവ് (ദി കൗ) എന്ന സിനിമ മെഹർജുവിന് ദേശീയ അന്തർദേശീയ അംഗീകാരം നേടിക്കൊടുത്തു. ബൈസിക്കിൾ തീവ്സ്, സത്യജിത്ത് റായ് സിനിമകളുടെ ആരാധകനായ മെഹർജുവിന്റെ ‘കൗ’ ഇറാനിയൻ സിനിമയിൽ നിയോ റിയലിസത്തിന്റെ വിത്തുകൾ പാകി. സർക്കാർ സഹായത്തോടെ നിർമിക്കപ്പെട്ട സിനിമയായിട്ടുകൂടി ഭരണകൂടം ആദ്യം നിരോധിച്ചു.1970ൽ സിനിമ റിലീസ് ചെയ്തപ്പോൾ വലിയ രീതിയിൽ സ്വീകരിക്കപ്പെടുകയും ദേശീയ പുരസ്കാരം നേടുകയും ചെയ്തു.
വിദേശത്ത് സിനിമ പ്രദർശിപ്പിക്കുന്നതിനു നിരോധനമുണ്ടായിരുന്നുവെങ്കിലും വിദേശത്തേക്ക് കടത്തി വെനീസ് മേളയിൽ പ്രദർശിപ്പിച്ചു. നിരൂപക അവാർഡും നേടി. പാരമ്പര്യ ശൈലിയെ നിരാകരിച്ചും ജനപ്രിയഘടകങ്ങൾ ഒഴിവാക്കിയും ഒരുക്കിയ കൗ ഇറാനിലെ പ്രമുഖ അഭിനേതാക്കളെ ഒന്നിച്ചവതരിപ്പിച്ചു. പിന്നീട് സംവിധാനം ചെയ്ത സിനിമകളെല്ലാം അന്താരാഷ്ട്ര മേളകളിൽ പുരസ്കാരം നേടി. സെൻസർഷിപ്പുകൾ മറികടന്നായിരുന്നു ഇദ്ദേഹത്തിന്റെ സിനിമായാത്ര.
പ്രസിദ്ധ സാഹിത്യകൃതികളെ അവലംബിച്ച് സംവിധാനം ചെയ്ത സിനിമകൾ ശ്രദ്ധേയമായിരുന്നു. ജോർജ് ബുക്നറുടെ വൊയ്സെക് നാടകത്തെ ആധാരമാക്കി ഒരുക്കിയ ദി പോസ്റ്റ്മാൻ സെൻസർഷിപ്പ്നേരിട്ടു. എന്നാൽ കാൻ, ബെർലിൻ ഉൾപ്പെടെയുള്ള മേളകളിൽ അവാർഡ് നേടി. സെൻസർഷിപ്പിനെ മറികടന്ന് ഇറാന്റെ ആത്മാവിനെ സിനിമയിൽ ആവാഹിച്ച ദാരിയുഷ് മെഹർജുയിയെ കൊലപ്പെടുത്തിയതിലൂടെ ആദ്ദേഹത്തിന്റെ സന്ദേശങ്ങളെ അവസാനിപ്പിക്കാനാകില്ല. ഇറാൻ സിനിമയുടെ മൂലധനം അദ്ദേഹത്തിന്റെ സിനിമകളാണ്. അത് ലോകമെമ്പാടും പ്രതീക്ഷകൾ വിതച്ചുകൊണ്ടിരിക്കും.