തിരുവനന്തപുരം> കനത്ത മഴയെ തുടര്ന്ന് വീടുകളില് വെള്ളം കയറിയതോടെ തിരുവനന്തപുരത്ത് പൊലീസുകാര് രക്ഷാപ്രവര്ത്തനങ്ങളില് സജീവം. വെള്ളം ഉയര്ന്നതിനെ തുടര്ന്ന് പുറത്തിറങ്ങാനാകാതിരുന്ന കിടപ്പുരോഗിയെ കൃത്യസമയത്ത് തന്നെ സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറ്റിയിരിക്കുകയാണ് പൊലീസ്.
വലിയതുറ ടൈറ്റാനിയം ബാലനഗര് ഭാഗത്ത് പല വീടുകളിലും വെള്ളം കയറിയതോടെയാണ് വലിയതുറ എസ്.എച്ച്.ഒ ജി എസ്സ് രതീഷിന്റെ നേതൃത്വത്തില് പൊലീസുകാര് രക്ഷാപ്രവര്ത്തനത്തിനിറങ്ങിയത്. ഇതിനിടെയാണ് വീടിനകത്തകപ്പെട്ട കിടപ്പുരോഗിയായ സ്ത്രീയെ ഇവര് കാണുന്നത്. ഉടനെ തന്നെ ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാന് എസ്.ഐ എസ് വി അജേഷ് കുമാര് മുന്നിട്ടിറങ്ങുകയായിരുന്നു.
അതേസമയം, തിരുവനന്തപുരത്ത് അതിശക്തമായ മഴ പെയ്ത സാഹചര്യത്തില് വിവിധ വകുപ്പ് മന്ത്രിമാര് സന്ദര്ശനം നടത്തി. മന്ത്രിമാരായ ജി ആര് അനില്, വി ശിവന്കുട്ടി , കെ രാജന്, ആന്റണി രാജു എന്നിവരാണ് മഴ മൂലമുണ്ടായ സാഹചര്യം വിലയിരുത്തിയത്. ജില്ലയില് ഇതുവരെ 17 ദുരിതാശ്വാസ ക്യാമ്പുകള് തുറന്നതായി മന്ത്രിമാര് അറിയിച്ചു. 15 ക്യാമ്പുകള് നഗരത്തിലാണ് തുറന്നിരിക്കുന്നത് എന്നും വ്യക്തമാക്കി. സാഹചര്യം നിയന്ത്രണ വിധേയമാന്നെന്നും അറിയിച്ചു.