തിരുവനന്തപുരം > പതിറ്റാണ്ടുകൾ നീണ്ട കേരളത്തിന്റെ കാത്തിരിപ്പിന് അറുതി വരുത്തി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ ചരക്ക് കപ്പൽ തീരം തൊട്ടു. ഷെൻ ഹുവ – 15 ചരക്കുകപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. വാട്ടർ സല്യൂട്ടോടെ ആയിരുന്നു കേരളം കപ്പലിനെ സ്വീകരിച്ചത്. മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, വി ശിവൻകുട്ടി, സജി ചെറിയാൻ, ആന്റണി രാജു, കെ എൻ ബാലഗോപാൽ, കെ രാജൻ, ജി ആർ അനിൽ എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു. വിഴിഞ്ഞം പദ്ധതിക്കെതിരെ സമരത്തിലടക്കം പങ്കെടുത്ത് പലതവണ രംഗത്തെത്തിയെങ്കിലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്വീകരണത്തിന് എത്തിയിരുന്നു.
വിഴിഞ്ഞം തുറമുഖത്തിലൂടെ വ്യവസായ, നിക്ഷേപ രംഗത്ത് അനന്ത സാധ്യത തുറക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യാവസായിക, വിനോദസഞ്ചാര രംഗങ്ങളിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുന്ന തുറമുഖം ഇന്ത്യയുടെ പുതിയ വാണിജ്യ കവാടമാകും. ദുബായ്, സിംഗപ്പുർ, കൊളംബോ എന്നീ തുറമുഖങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയിലെ കണ്ടെയ്നർ വ്യവസായം ഇനി കേരളത്തെ ആശ്രയിക്കും.
ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ക്രൂയിസ് ടൂറിസത്തിന്റെ വളർച്ച വിപുലമാക്കും. ക്രൂയിസ് ഷിപ്പുകളുടെയും ക്രൂ ചെയ്ഞ്ചിന്റെയും ഗുണഫലങ്ങൾ സംസ്ഥാനത്തിന് ഉണ്ടാകും. വിഴിഞ്ഞത്തിനു സമീപത്തുള്ള അടിമലത്തുറയിൽ ക്രൂയിസ് ടൂറിസം പദ്ധതിക്കും സർക്കാർ ആലോചിക്കുന്നുണ്ട്.
ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം വിഴിഞ്ഞം കൂടുതൽ ശോഭനമാക്കും. വിഴിഞ്ഞത്തെ മാസ്റ്റർ തുറമുഖമായി കണ്ട് സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളെ ഈ ശൃംഖലയിൽ ഉൾപ്പെടുത്തി വികസിപ്പിക്കാനും ഇവയോടനുബന്ധിച്ച് പുതിയ വ്യവസായങ്ങൾ വികസിപ്പിക്കാനും കഴിയും. തുറമുഖത്തിനു പിന്നാലെ വെയർ ഹൗസുകൾ, കണ്ടെയ്നർ പാർക്കുകൾ, ഹോട്ടലുകൾ, ഫാക്ടറികൾ എന്നിവയും വരും. പല വൻകിട കമ്പനികളും നിക്ഷേപസാധ്യതകൾ തേടി ഇതിനകം സംസ്ഥാനത്ത് എത്തി. വിഴിഞ്ഞം കേന്ദ്രീകരിച്ച് പുതിയ ടൗൺഷിപ്പ് ഉയരും. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയിൽ വൻ പുരോഗതിയുണ്ടാക്കും. തിരുവനന്തപുരത്തും കന്യാകുമാരിയിലും ഭക്ഷ്യസംസ്കരണം, വ്യവസായശാലകൾ തുടങ്ങിയ തുറമുഖ അധിഷ്ഠിത വ്യവസായങ്ങൾ വരും.
തുറമുഖത്തിന് അനുബന്ധമായി ക്രെയിൻ സർവീസ് സെന്ററുകൾ, കണ്ടെയ്നർ സ്റ്റോറേജുകൾ, റഫ്രിജറേറ്റർ പോയിന്റ്സ്, ഇലക്ട്രോണിക്സ് സ്ഥാപനങ്ങൾ, ഫുഡ് പ്രോസസിങ് യൂണിറ്റുകൾ എന്നിവ രൂപപ്പെടും. തുറമുഖത്തോട് അനുബന്ധിച്ച് റിന്യൂവബൾ എനർജി പാർക്ക് സ്ഥാപിക്കുന്നതിനും സർക്കാർ ആലോചിക്കുന്നുണ്ട്. തിരമാല, സൗരോർജം, കാറ്റ്, ജൈവമാലിന്യം തുടങ്ങിയ വിവിധ സ്രോതസ്സുകളെ പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉൽപ്പാദനത്തിനായി വിനിയോഗിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
40 വർഷത്തേക്കാണ് തുറമുഖം നടത്തിപ്പ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (എവിപിപിഎൽ) ലഭിക്കുക. 15–-ാം വർഷംമുതൽ മൊത്തം വരുമാനത്തിന്റെ ഒരു ശതമാനം തുക ലഭിക്കും. ഓരോ വർഷവും ഒരുശതമാനംവീതം വർധിക്കും.