സിനിമകളുടെ നെഗറ്റീവ് റിവ്യൂകൾ ഏഴ് ദിവസം കഴിഞ്ഞു മതിയെന്ന് ഹൈക്കോടതി പറഞ്ഞുവെന്നാണ് ആദ്യം മാധ്യമങ്ങൾ നൽകിയ വാർത്ത. അത് സിനിമയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ വലിയ ചർച്ചയുമായി. എന്നാൽ അത് തിരുത്തി ഹൈക്കോടതി തന്നെ രംഗത്ത് വന്നു. വലിയ വിമർശവും ഇതുസംബന്ധിച്ച് കോടതി ഉന്നയിച്ചു. ഫോൺ കൈയിൽ ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന അവസ്ഥയാണെന്നും ബ്ലാക്ക്മെയിൽ ചെയ്യുന്ന വ്ലോഗർമാർ മാത്രമാണ് കോടതി ഉത്തരവിനെ പേടിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇത്രയും കാലം എന്താണ് ചെയ്തെന്നുവരെ കോടതി ചോദിച്ചു. ഓൺലൈൻ വ്ലോഗർമാർ നടത്തുന്നത് റിവ്യൂ ബോംബിങ് ആണെന്നും ഇത് നിയന്ത്രിക്കേണ്ടതുണ്ടെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ പറയുകയും ചെയ്തു. ചില ഓൺലൈനുകളും യൂട്യൂബ് ചാനലുകളും സിനിമാ വ്യവസായത്തിനു തന്നെ ഭീഷണിയാകുന്ന തരത്തിലേക്ക് വളർന്നുവെന്നാണ് സിനിമാക്കാർ തന്നെ പറയുന്നത്. അതേസമയം നല്ലത് പറയുമ്പോൾ അത് സിനിമയുടെ പ്രചാരണത്തിന് ഉപയോഗിക്കുന്നവർ വിമർശങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാകുന്നില്ല എന്ന മറുവാദവും ഉയരുന്നുണ്ട്. സമഗ്രമായ മാറ്റം എല്ലാതരത്തിലും ആവശ്യമാണെന്നതിലേക്കാണ് ഈ ചർച്ചകൾ എത്തുന്നത്.
പോസിറ്റീവ് സെൻസിൽ എടുക്കണം
ഉണ്ണി വ്ലോഗ്സ്
സിനിമാ റിവ്യൂവിൽ ആദ്യം നല്ലത് പറഞ്ഞശേഷമാണ് നെഗറ്റീവ് പറയുന്നത്. നല്ലത് പറയുന്നത് സിനിമാക്കാർ തന്നെ പ്രചരിപ്പിക്കും. മോശമാണെന്ന് പറയുന്നത് ഉൾക്കൊണ്ട് എന്താണ് അങ്ങനെ പറയാൻ കാരണമെന്ന് ചിന്തിക്കണം. അടുത്ത സിനിമയിൽ തിരുത്താനായി അഭിപ്രായം ഉപയോഗിക്കണം. എന്നാൽ മോശം വശം പറയുന്നത് പലപ്പോഴും അവർക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. എന്തുകൊണ്ട് സിനിമ പരാജയപ്പെട്ടു എന്ന് ചിന്തിക്കാനോ, പരാജയം അംഗീകരിക്കാനോ അവർ തയ്യാറാകുന്നില്ല.
സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി തെറ്റായി നല്ല അഭിപ്രായം സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. ആ വ്യാജ പ്രചാരണത്തെ ചോദ്യം ചെയ്യുന്നതാണ് അവരുടെ പ്രശ്നം. സത്യസന്ധമായി റിവ്യൂ ചെയ്യുന്നവരെ ഇല്ലാതാക്കേണ്ടത് അത്തരം പ്രമോഷന്റെ ആവശ്യമാണ്. റിവ്യൂ നിരോധിക്കണം എന്നത് ഉയർത്തിക്കൊണ്ടുവന്നത് ചില യൂട്യൂബ് ചാനലുകളാണ്. പുതിയ ചാനലുകളാണ്, അവയ്ക്ക് റീച്ച് ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം.
റിവ്യൂ ഒരിക്കലും സിനിമയുടെ ഭാഗമായവരെ വ്യക്തിഹത്യ ചെയ്യുന്നത് ആകരുത്. ആളുകളുടെ വ്യക്തിഗത ഇടത്തിലേക്ക് കടന്ന് കയറുന്ന തരത്തിലുള്ള റിവ്യൂകളെ നിയമ സംവിധാനം ഉപയോഗിച്ച് നേരിടണം. അല്ലാതെ മര്യാദയ്ക്ക് സിനിമ കാണുന്ന, അതിൽ അഭിപ്രായം പറയുന്ന എല്ലാവരെയും യൂട്യൂബേഴ്സ് എന്ന ടാഗ് കൊടുത്ത് പ്രതിസ്ഥാനത്ത് നിർത്തി കാട് അടച്ച് വെടിവയ്ക്കരുത്. തങ്ങളെ ഭീഷണിപ്പെടുത്തുന്നു, പണം ആവശ്യപ്പെടുന്നു എന്നെല്ലാം അവർ പറയുന്നുണ്ട്. ആരാണ് ഭീഷണിപ്പെടുത്തുന്നത് എന്ന് തുറന്ന് പറയാൻ സിനിമാക്കാർ തയ്യാറാകണം.
ഓൺലൈനുകാർ ഭയപ്പെടുത്തി പണം വാങ്ങുന്നു
ലിബർട്ടി ബഷീർ, തിയറ്റർ ഉടമ
എന്റെ വർഷങ്ങളായുള്ള അനുഭവം പടം വിജയിപ്പിക്കുന്നത് മൗത്ത് പബ്ലിസിറ്റിയാണ്. കോടികളുടെ പരസ്യം ചെയ്താലൊന്നും സിനിമ വിജയിക്കില്ല. ആള് കയറണമെങ്കിൽ മൗത്ത് പബ്ലിസിറ്റി വേണം. കണ്ണൂർ സ്ക്വാഡ്, 2018 എല്ലാം അങ്ങനെ വിജയിച്ച സിനിമകളാണ്. ചാനലിൽ പ്രവർത്തിച്ചിരുന്നവരടക്കം ഇപ്പോൾ ഓൺലൈൻ നടത്തുകയാണല്ലോ. ഇവരെല്ലാം സിനിമാക്കാരുടെ പിന്നാലെയാണ്. ഓൺലൈൻകാരിൽ നന്നായി ചെയ്യുന്നവരും മോശമായി ചെയ്യുന്നവരുമുണ്ട്. ഇപ്പോൾ നേരിടുന്ന പ്രശ്നം ഓൺലൈനുകാർ ഭയപ്പെടുത്തി പണം വാങ്ങുന്നതാണ്. പൈസ നൽകിയില്ലെങ്കിൽ സിനിമയെക്കുറിച്ച് അവർ മോശം അഭിപ്രായം പറയും. പകവച്ച് പെരുമാറും. അതേസമയം പണം കിട്ടിയ സിനിമ തല്ലിപ്പൊളിയാണെങ്കിലും പർവതീകരിച്ച് പറയും.
ക്രിയാത്മക വിമർശങ്ങൾ ആവശ്യം
നീലിമ മേനോൻ, സിനിമാ നിരൂപക, മാധ്യമ പ്രവർത്തക
ഏതൊരു കലയിലും എന്നപോലെ നല്ല സിനിമയുടെ വളർച്ചയ്ക്ക് ക്രിയാത്മകമായ വിമർശം അനിവാര്യമാണ്. അത് എഴുത്തുകാർ/നിർമാതാക്കൾ/സാങ്കേതിക വിദഗ്ധർ/അഭിനേതാക്കൾ തുടങ്ങിയവർക്ക് അവരുടെ കഴിവിനെ പ്രതിഫലിപ്പിക്കാനും സ്വയം വിലയിരുത്താനും സഹായിക്കും. നിങ്ങളുടെ കാഴ്ചയ്ക്കൊപ്പം വിനോദപ്രദവുമായ റിവ്യൂകൾ തൽക്ഷണം നൽകുന്ന യൂട്യൂബ് വ്ലോഗർമാർ ജനപ്രിയമാകുകയാണ്. അവയുടെ ഭാഷ ചിലപ്പോൾ മോശമാണ്. അവ കാര്യമായതോ ഗൗരവപ്പെട്ടതോ അല്ല, എന്നാൽ സിനിമ കാണണോ വേണ്ടയോ എന്ന് പൊതുജനങ്ങൾക്ക് തീരുമാനിക്കാൻ സഹാചര്യം ഒരുക്കിയേക്കാം. റിവ്യൂകളിൽ പോസിറ്റീവായി പറയുന്നത് സിനിമാക്കാർക്ക് അവരുടെ സിനിമകളുടെ പ്രചാരണത്തിന് ഉപയോഗിക്കാം. നിരൂപകരുടെ വിശ്വാസ്യത അവർക്ക് പ്രശ്നവുമല്ല.
ഒരു സിനിമയെയും അടച്ച് ആക്ഷേപിക്കരുത്
മഞ്ജു ഗോപിനാഥ്, പിആർഒ
സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോൾ ആളുകളോട് അഭിപ്രായം ചോദിക്കുന്നതിൽ തെറ്റില്ല. അതേസമയം ഇന്റർവല്ലിന് അഭിപ്രായം ചോദിക്കുന്ന രീതി ശരിയല്ല. സിനിമ പൂർത്തിയാകാതെ എങ്ങനെയാണ് അഭിപ്രായം പറയാനാകുക? സിനിമയുടെ കഥ മുഴുവൻ പറയുന്ന രീതി ശരിയല്ല. സിനിമ മോശമാണെങ്കിൽത്തന്നെ തിയറ്ററിന്റെ പടി കയറരുതെന്ന് പറയുന്ന തരത്തിലുള്ളവ അംഗീകരിക്കാനാകില്ല. പല ആളുകൾ പല തരത്തിലാണ് സിനിമയെ കാണുക. സിനിമ കാണുന്നത് നിരുത്സാഹപ്പെടുത്തുന്ന രീതി ശരിയല്ല. റിവ്യൂകൾ സിനിമകളെ താറടിക്കുന്നതാകരുത്. ഒരു പടത്തെയും അടച്ച് ആക്ഷേപിക്കരുത്. വിമർശങ്ങൾ മാന്യമായിട്ടായിരിക്കണം. ആരോഗ്യകരമായ റിവ്യൂകൾ സിനിമയ്ക്ക് നല്ലതാണ്. നല്ല വിമർശങ്ങൾ സിനിമാക്കാരും ഉൾക്കൊള്ളും. ഓൺലൈനുകൾ നടത്തുന്ന നല്ല സിനിമകളെ തരംതാഴ്ത്തുന്നതും മോശം സിനിമകളെ നല്ലതാണെന്ന് വരുത്തിത്തീർക്കാൻ കള്ള വീഡിയോകൾ ഉണ്ടാക്കുന്നതും അംഗീകരിക്കാനാകില്ല.
ആസ്വാദനത്തിന് സമയം നൽകണം
ശ്രീഹരി, പ്രേക്ഷകൻ
ഒരു സിനിമ ഏതൊരാളുടെയും മനസ്സിൽ പ്രോസസ് ചെയ്യാൻ ഒരു സമയമെടുക്കുന്നുണ്ട്. എന്നാൽ ആ പ്രോസസിന് സമയം കൊടുക്കാതെ ഉള്ള റിവ്യൂകളാണ് പല ഓൺലൈൻ മാധ്യമങ്ങളിലും നടക്കുന്നത്. സിനിമ കഴിഞ്ഞ ഉടൻ തന്നെ മൈക്കുമായി മുന്നിൽ വരുന്ന ആളുകൾക്കു കൊടുക്കുന്ന റിവ്യൂകൾ അത്തരത്തിലുള്ള പ്രോസസ്സിങ്ങിന് ഒരു പ്രേക്ഷകന് സമയം കൊടുക്കുന്നില്ല. സിനിമ കണ്ട ഉടൻ തന്നെ ഒരു പ്രേക്ഷകന് എങ്ങനെയാണ് അതിനെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം പറയാൻ കഴിയുക എന്ന് പലപ്പോഴും ഓർക്കാറുണ്ട്.