ടെഹ്റാൻ > പ്രശസ്ത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ഡാരിഷ് മെർജുയിയെയും (83) ഭാര്യയെയും അജ്ഞാത അക്രമി വീട്ടിൽകയറി കുത്തിക്കൊലപ്പെടുത്തി. മെർജുയിയെയും ഭാര്യ വഹിദെ മുഹമ്മദീഫറിനെയും കഴുത്തിൽ മുറിവുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയതായി ജുഡീഷ്യറി ഉദ്യോഗസ്ഥനായ ഹൊസൈൻ ഫസെലിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള വീട്ടിൽ ശനിയാഴ്ച രാത്രി മകൾ മോണ മെർജുയി ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെയുള്ള ഭീഷണിയെക്കുറിച്ച് ഭാര്യ പരാതിപ്പെട്ടിരുന്നുവെങ്കിലും, അധികാരികൾ കൃത്യമായി അന്വേഷിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
1970 കളുടെ തുടക്കത്തിൽ ഇറാന്റെ നവ ചലച്ചിത്ര തരംഗത്തിന്റെ സഹസ്ഥാപകനായി അറിയപ്പെട്ടിരുന്ന സംവിധായകനാണ് മെർജുയി.1998 ലെ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്ന് സിൽവർ ഹ്യൂഗോയും 1993 ലെ സാൻ സെബാസ്റ്റ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ സീഷെലും ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഹാമോൺ, ലൈല, ദ പീർ ട്രീ, ദ കൗ, ദ ടെനറ്റ്സ്, മ്യൂസിക് മാൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.