ജറുസലേം
ഗാസയിൽ ഇസ്രയേൽ സൈന്യം ആക്രമണം തുടങ്ങിയിട്ടേ ഉള്ളൂവെന്നും ഹമാസിനെ പൂർണമായും തകർക്കുമെന്നും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ശനിയാഴ്ച ഗാസയിൽ ചിലയിടങ്ങളിൽ ഇസ്രയേൽ സൈന്യം കയറി ആക്രമിച്ചതോടെ കരയുദ്ധത്തിലേക്കാണ് നീങ്ങുന്നതെന്ന് ഉറപ്പായി. ഈ സാഹചര്യത്തിലാണ് വരുംദിവസങ്ങൾ ഭീതിദമായിരിക്കുമെന്ന മുന്നറിയിപ്പ് നെതന്യാഹു ആവർത്തിച്ചത്.
യുദ്ധം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം സൈനികരോട് പറഞ്ഞു. ഇസ്രയേലിന് വമ്പിച്ച അന്താരാഷ്ട്ര പിന്തുണയുണ്ടെന്നും യുദ്ധം അവസാനിക്കുമ്പോൾ ഇസ്രയേൽ കൂടുതൽ ശക്തിയാർജിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര ഇടപെടല്‍ വേണം: ജിസിസി
അനസ് യാസിന്
മനാമ
പലസ്തീൻ പ്രദേശങ്ങളിലെ സാധാരണക്കാർക്കെതിരായ എല്ലാത്തരം സൈനിക ആക്രമണവും അവസാനിപ്പിക്കാനും മനുഷ്യത്വപരമായ ദുരന്തം ഒഴിവാക്കാനും അടിയന്തരമായ അന്താരാഷ്ട്ര ഇടപെടൽ ആവശ്യമാണെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പറഞ്ഞു.
|ഗാസയിലെ ജനങ്ങളുടെ അടിസ്ഥാന ജീവിതാവശ്യങ്ങൾ നഷ്ടപ്പെടുത്തുന്ന തരത്തിൽ ഇസ്രയേൽ സൈന്യം നടത്തുന്ന കൂട്ടായ ശിക്ഷ നിർത്തിവയ്ക്കണം. ഇസ്രയേൽ സൈനിക നടപടികൾ അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.