തിരുവനന്തപുരം
വിഴിഞ്ഞം ഒരുക്കുന്ന വൻ അവസരങ്ങളുടെ തേരിൽ ഇനി കേരളത്തിന്റെ വികസനം കുതിക്കും. വാണിജ്യ കൈമാറ്റങ്ങളുടെ പറുദീസയാകാനൊരുങ്ങുന്ന വിഴിഞ്ഞം തുറമുഖത്ത് ആദ്യമായെത്തിയ ‘ഷെൻഹുവ 15’ കപ്പലിന് ഞായറാഴ്ച സ്വീകരണംനൽകും. അന്താരാഷ്ട്ര തുറമുഖമെന്ന വലിയ സ്വപ്നം യാഥാർഥ്യമാകുമ്പോൾ ചൈനയിൽ നിന്നെത്തിയ കപ്പലിനെ ക്ഷണിക്കപ്പെട്ട എണ്ണായിരത്തിലധികംപേരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലേക്ക് സ്വീകരിക്കും. വെെകിട്ട് നാലിനാണ് ചടങ്ങ്. കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവാൾ, സംസ്ഥാന മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വിവിധ മത സാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
|
ആദ്യത്തെ മദർപോർട്ട് എന്ന സവിശേഷതകൂടിയുള്ളതിനാൽ രാജ്യമെമ്പാടും വീക്ഷിക്കുന്ന ചടങ്ങുകൂടിയാണിത്. തുറമുഖത്തിന് 20 മീറ്ററിലധികം സ്വാഭാവിക ആഴമുള്ളതിനാൽ ലോകത്തെ ഏത് വമ്പൻ കപ്പലിനും (മദർഷിപ്പ്) തീരമണയാനും ചരക്ക് കൈകാര്യം ചെയ്യാനുമാകും. ഇന്ത്യയിലേക്കുള്ള ചരക്ക് നീക്കത്തിന് വിദേശത്തെ തുറമുഖങ്ങളെ ആശ്രയിക്കേണ്ടി വരില്ല. ഇതോടെ ചരക്ക് കൈമാറ്റത്തിനായി നൽകിയിരുന്ന കോടിക്കണക്കിന് ഡോളറിന്റെ വിദേശനാണ്യം രാജ്യത്തിന് ലാഭിക്കാം. ഇന്ത്യയിലേക്കുള്ള ചരക്കുനീക്കവും അതിവേഗത്തിലാകും. |
കേരളത്തിന്റെ സാമ്പത്തികരംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടാക്കുന്ന തുറമുഖത്തിന്റെ ആദ്യഘട്ടം മേയിൽ പൂർത്തിയാകുന്നതോടെ പത്തുലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്യാനാകും. അനുബന്ധ വികസനങ്ങളുടെ പരമ്പരയ്ക്കാകും തുടർന്ന് സാക്ഷ്യംവഹിക്കുക. അടിസ്ഥാന–-പശ്ചാത്തല വികസനത്തിന് തുടക്കമായി. വൻതോതിലുള്ള തൊഴിൽ സാധ്യതയുമുണ്ടാകും. കണ്ടെയ്നർ സൂക്ഷിക്കലും വിതരണവും, ക്രൂ ചെയ്ഞ്ച്, ഹോസ്പിറ്റാലിറ്റി, ഭക്ഷ്യസംസ്കരണം, ക്രൂസ് ടൂറിസം, അനുബന്ധ വ്യവസായശൃംഖല എന്നിങ്ങനെ ചൈനയിലെ ഷെൻസൻ മാതൃകയിലുള്ള ഇടനാഴിയാണ് പ്രതീക്ഷിക്കുന്നത്. ആഗസ്ത് 31ന് പുറപ്പെട്ട് 42 ദിവസത്തിനുശേഷം കരയ്ക്കടുത്ത ചൈന കപ്പലിൽ മൂന്ന് ക്രെയിനാണുള്ളത്. ഇന്ത്യയിലെങ്ങുമില്ലാത്ത കൂറ്റൻ ക്രെയിൻ ‘റെയിൽമൗണ്ടഡ് ക്വേ’ ഇതിലുൾപ്പെടുന്നു.
തടസ്സങ്ങൾ തട്ടിമാറ്റിയ കുതിപ്പ്
കേന്ദ്രത്തിന്റെ സാമ്പത്തിക തടസ്സങ്ങളും അട്ടിമറി സമരങ്ങളും തട്ടിമാറ്റി തുറമുഖം യാഥാർഥ്യമായതോടെ സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയും നേതൃത്വത്തിൽ നാടാകെ ആഹ്ലാദ പ്രകടനങ്ങളും തുടങ്ങി. രാഷ്ട്രീയ ഭിന്നതയുടെ പേരിൽ വികസനം തടസ്സപ്പെടുത്തില്ലെന്നും എന്ത് പ്രതിബന്ധങ്ങളുണ്ടായാലും പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുമെന്നും എൽഡിഎഫ് ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനമാണ്. ഗെയിൽ പൈപ്പ്ലൈൻ, ഇടമൺ–-കൊച്ചി പവർ ഹൈവേ, ദേശീയ പാതകളുടെ വികസനം, കൊച്ചി മെട്രോയുടെ വികസനം, ജലമെട്രോ, കണ്ണൂർ വിമാനത്താവളം തുടങ്ങി നാടിന്റെ മുഖഛായ മാറ്റിയ വൻകിട പദ്ധതികളുടെ പിന്നാലെയാണ് വിഴിഞ്ഞം തുറമുഖവും യാഥാർഥ്യമാകുന്നത്. സ്വാഭാവികമായി സംഭവിച്ചതും ആസൂത്രിതമായി ചിലർ വരുത്തിവച്ചതുമായ തടസ്സങ്ങളെ നിശ്ചയദാർഢ്യത്തോടെ നേരിട്ടാണ് സർക്കാർ പദ്ധതി കരകയറ്റിയത്.