ഗാസ
‘അതീവഗുരുതരമാണ് ഗാസയിലെ സ്ഥിതിഗതികൾ. പലസ്തീൻകാർ വംശഹത്യക്ക് ഇരയാകുകയാണ്. 1948ലും 1967ലും അവർ നേരിട്ടതിനേക്കാൾ ഭീകരമായ ദുരന്തമാണ് ഇപ്പോൾ അവർ അഭിമുഖീകരിക്കുന്നത്’–- ഇസ്രയേൽ ആക്രമണത്തിൽ പലസ്തീൻ ജനത കടന്നുപോകുന്ന ഭയാനക സാഹചര്യത്തിന്റെ നേർചിത്രമാണ് യുഎൻ പ്രത്യേക പ്രതിനിധി ഫ്രാൻസെസ്ക ആൽബനീസിന്റെ വാക്കുകൾ.
അക്ഷരാർഥത്തിൽ എങ്ങോട്ട് പോകണമെന്ന് അറിയാതെ പകച്ചുനിൽക്കുകയാണ് ഗാസയിലെ ജനങ്ങൾ. തലങ്ങും വിലങ്ങും ഇസ്രയേൽ വ്യോമാക്രമണം നടത്തുകയും ബോംബിടുകയും ചെയ്യുമ്പോൾ ഒരിടവും സുരക്ഷിതമല്ലാത്ത സ്ഥിതി. വ്യോമാക്രമണത്തിനിടെ വീട്ടിലിരുന്നാലും തെരുവിലിറങ്ങിയാലും മരണം ഉറപ്പ്. ഇസ്രയേൽ നിർദേശപ്രകാരം തെക്കൻ ഭാഗത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചവരും ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു.
600 രോഗികളെയുംകൊണ്ട് എങ്ങോട്ട് പോകാനാണെന്നാണ് ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ ഷിഫയിലെ ജീവനക്കാർ ചോദിക്കുന്നത്. ഇവരെപ്പോലെ ഐക്യരാഷ്ട്ര സംഘടനയുടെ അഭയകേന്ദ്രങ്ങളിലും പരിക്കേറ്റവരും കുട്ടികളുമടക്കം നിരവധിയാളുകളുണ്ട്. ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ 28 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. 15 ആശുപത്രിയും 23 ആംബുലൻസും ആക്രമിക്കപ്പെട്ടു.
ഗാസയിൽ ജോർദാൻ നടത്തിവന്ന ഫീൽഡ് ആശുപത്രി പ്രവർത്തനയോഗ്യമല്ലാതായി. പലസ്തീൻ റെഡ്ക്രെസന്റ് ജീവനക്കാർക്ക് വടക്കൻ മേഖലയിൽനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം അന്ത്യശാസനം നൽകി.
വൈദ്യുതിയും വെള്ളവുമില്ലാതെ ഗാസയിലെ ജനങ്ങൾ പട്ടിണിമരണത്തിലേക്കാണ് നീങ്ങുന്നതെന്ന് ലോകാരോഗ്യ സംഘടനയടക്കം മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസയിലെ കുട്ടികൾ മരണമുഖത്താണെന്ന് യുനിസെഫ് പറഞ്ഞു.















