കോതമംഗലം
എംഎ കോളേജ് മൈതാനത്തെ ട്രാക്കും ഫീൽഡും കീഴടക്കി കോതമംഗലം ഉപജില്ലയിലെ കായികതാരങ്ങൾ. മൂന്നുനാൾ നീണ്ട കായികപോരാട്ടത്തിൽ കോതമംഗലത്തിന്റെ കോട്ടയിൽ വിള്ളൽ വീഴ്ത്താൻ ഇത്തവണയും എതിരാളികൾക്കായില്ല. തുടർച്ചയായി ഇരുപതാംവർഷമാണ് കോതമംഗലം ജില്ലാ കായികമേള ഓവറോൾ സ്വന്തമാക്കുന്നത്.
എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറിയ കോതമംഗലം മാർ ബേസിലിന്റെയും കീരംപാറ സെന്റ് സ്റ്റീഫൻസ് സ്കൂളിന്റെയും കരുത്തിലാണ് കോതമംഗലം കിരീടം ചൂടിയത്. ആതിഥേയർ 51 സ്വർണവും 45 വെള്ളിയും 29 വെങ്കലവുമടക്കം 430 പോയിന്റ് നേടി. മെഡലിലും പോയിന്റിലും മുൻവർഷത്തെക്കാൾ കുതിച്ചു. മറ്റ് ഉപജില്ലകൾക്ക് മൂന്നക്കം തൊടാനായില്ല. ഒമ്പത് സ്വർണവും ഏഴ് വെള്ളിയും 11 വെങ്കലവുമടക്കം 92 പോയിന്റോടെ അങ്കമാലി ഉപജില്ല രണ്ടാംസ്ഥാനത്തെത്തി. വൈപ്പിൻ ഉപജില്ല 76 പോയിന്റോടെ മൂന്നാമതും. ആകെ നേട്ടം അഞ്ച് സ്വർണവും ഒമ്പത് വെള്ളിയും എട്ട് വെങ്കലവും.
മറ്റ് ഉപജില്ലകളുടെ പോയിന്റ് നില: നോർത്ത് പറവൂർ–- 63, പെരുമ്പാവൂർ–- 58, ആലുവ–- 44, എറണാകുളം–- 43, കോലഞ്ചേരി–- 40, കല്ലൂർക്കാട്–- 37, മൂവാറ്റുപുഴ–- 27, പിറവം–- 15, തൃപ്പൂണിത്തുറ–- 14, കൂത്താട്ടുകുളം–- അഞ്ച്. മട്ടാഞ്ചേരി ഉപജില്ല സംപൂജ്യരായി. തൃപ്പൂണിത്തുറ ഉപജില്ല സ്വർണപ്പട്ടികയിലും ഇടംനേടിയില്ല.
കോതമംഗലം ഉപജില്ലയിലെ സ്കൂളുകൾ തമ്മിലായിരുന്നു ഓവറോൾ സ്കൂൾ ചാമ്പ്യൻഷിപ്പിനുള്ള പോരാട്ടം. മത്സരത്തിൽ മാർ ബേസിൽ എച്ച്എസ്എസ് കിരീടം കാത്തു.
25 സ്വർണവും 19 വെള്ളിയും 15 വെങ്കലവും അണിഞ്ഞ മാർ ബേസിൽ താരങ്ങൾ 197 പോയിന്റ് വാരിക്കൂട്ടി. കീരംപാറ സെന്റ് സ്റ്റീഫൻസ് എച്ച്എസ്എസ് 117 പോയിന്റുമായി രണ്ടാംസ്ഥാനക്കാരായി. 14 വീതം സ്വർണവും വെള്ളിയും അഞ്ച് വെങ്കലവുമാണ് സമ്പാദ്യം. കഴിഞ്ഞവർഷത്തെ രണ്ടാംസ്ഥാനക്കാരായ മാതിരപ്പിള്ളി ഗവ. വിഎച്ച്എസ്എസ് ഏഴു സ്വർണവും നാല് വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ 49 പോയിന്റുമായി മൂന്നാംസ്ഥാനത്തെത്തി. 38 പോയിന്റുമായി അങ്കമാലി മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഓർഫനേജ് എച്ച്എസ് നാലാംസ്ഥാനം നിലനിർത്തി. വൈപ്പിൻ നായരമ്പലം ഭഗവതിവിലാസം എച്ച്എസ്എസ് 34 പോയിന്റുമായി ആദ്യ അഞ്ചിൽ ഇടംപിടിച്ചു.
ഗവ. ഗേൾസ് എച്ച്എസ്എസ് എറണാകുളം 23, പെരുമ്പാവൂർ വെസ്റ്റ് വെങ്ങോല ശാലേം എച്ച്എസ് 19, കോതമംഗലം കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഗേൾസ് എച്ച്എസ് 14, നോർത്ത് പറവൂർ കൂനമ്മാവ് സെന്റ് ഫിലോമിനാസ് എച്ച്എസ്എസ് 14, മൂവാറ്റുപുഴ നിർമല എച്ച്എസ്എസ് 12 യഥാക്രമം ആറുമുതൽ പത്തുവരെ സ്ഥാനങ്ങളിലെത്തി. വിജയികൾക്ക് സമാപനയോഗത്തിൽ ആന്റണി ജോൺ എംഎൽഎ സമ്മാനങ്ങൾ വിതരണം ചെയ്തു.















