ലിസ്ബൺ
മുൻ ചാമ്പ്യൻമാരായ ഫ്രാൻസും പോർച്ചുഗലും യൂറോ കപ്പ് ഫുട്ബോളിന്. ബൽജിയവും അടുത്തവർഷം ജർമനിയിൽ നടക്കുന്ന ടൂർണമെന്റിന് ടിക്കറ്റെടുത്തു. ജൂൺ 14 മുതൽ ജൂലൈ 14 വരെയാണ് 24 ടീമുകൾ അണിനിരക്കുന്ന യൂറോ കപ്പ്. 10 വേദികളിലായാണ് മത്സരം. ആതിഥേയരായ ജർമനിക്കുപിന്നാലെ യോഗ്യത ഉറപ്പിക്കുന്ന ആദ്യ ടീമുകളാണ് ഫ്രാൻസും പോർച്ചുഗലും ബൽജിയവും.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോൾ ബലത്തിൽ സ്ലോവാക്യയെ 3–-2ന് വീഴ്ത്തിയാണ് പോർച്ചുഗൽ മുന്നേറിയത്. ഗ്രൂപ്പ് ജെയിൽ കളിച്ച ഏഴും ജയിച്ചു. ആകെ 27 ഗോൾ അടിച്ചുകൂട്ടിയ പറങ്കികൾ രണ്ടെണ്ണംമാത്രമാണ് വഴങ്ങിയത്. സ്ലോവാക്യക്കെതിരെ പെനൽറ്റിയിലൂടെയാണ് റൊണാൾഡോ ആദ്യം ലക്ഷ്യംകണ്ടത്. 72–-ാംമിനിറ്റിൽ ഡബിൾ തികച്ചു. രാജ്യാന്തര കുപ്പയാത്തിൽ 125 ഗോളായി മുപ്പത്തെട്ടുകാരന്. ഈ വർഷംമാത്രം രാജ്യത്തിനും ക്ലബ്ബിനുമായി ആകെ 42 കളിയിൽ 46 ഗോളിനാണ് പങ്കാളിയായത്. ഗോൺസാലോ റാമോസാണ് പോർച്ചുഗലിന്റെ മറ്റൊരു ഗോൾ കണ്ടെത്തിയത്. ഡേവിഡ് ഹാൻകോയും സ്റ്റാനിസ്ലാവ് ലൊബോട്കയും സ്ലോവാക്യക്കായി ലക്ഷ്യംകണ്ടു.
കരുത്തരായ നെതർലൻഡ്സിനെ കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളിലാണ് ഫ്രാൻസ് മറികടന്നത് (2–-1). ബി ഗ്രൂപ്പിൽ കളിച്ച ആറിലും ഫ്രഞ്ചുകാർ ജയിച്ചു. ക്വിലിൻഡ്ഷി ഹാർട്ട്മാൻ ഡച്ചുകാരുടെ ആശ്വാസ ഗോളടിച്ചു. 12 പോയിന്റുമായി ഗ്രീസാണ് രണ്ടാമത്. തോൽവി ഡച്ചുകാർക്ക് ക്ഷീണമായി. ഒമ്പത് പോയിന്റുമായി മൂന്നാമതുമാണ്. ഓസ്ട്രിയയെ 3–-2നാണ് ബൽജിയം വീഴ്ത്തിയത്. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന്റെ ആഘാതത്തിൽനിന്ന് മോചനം നൽകുന്നതായി ഈ യൂറോ യോഗ്യത. ഗ്രൂപ്പ് എഫിൽ തോൽവിയറിയാതെയാണ് മുന്നേറിയത്. ആറിൽ അഞ്ചിലും ജയിച്ചു. 16 ഗോളടിച്ചപ്പോൾ വഴങ്ങിയത് മൂന്നെണ്ണംമാത്രം.