തിരുവനന്തപുരം > കടലിൽ സ്വകാര്യ ഖനനം വ്യാപകമാക്കി കരയും കടലും കൊള്ളയടിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കേന്ദ്രം എത്രശ്രമിച്ചാലും തീരത്തെ ഒരിഞ്ച് ഭൂമി ഖനനം ചെയ്യാൻ കുത്തകകൾക്ക് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. കടലും കടൽസമ്പത്തും കുത്തക കോർപറേറ്റുകൾക്ക് തീറെഴുതുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംഘടിപ്പിച്ച കാൽനട ജാഥയുടെ സമാപന സമ്മേളനം പൂന്തുറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കരിമണൽ ഉൾപ്പെടെ കുത്തകകൾക്ക് ഖനനം ചെയ്യാനുള്ള അനുമതിയാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർത്തും.
പറയുന്നതെല്ലാം നടപ്പാക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ദേശീയപാത വികസനവും വിഴിഞ്ഞം തുറമുഖവുമൊക്കെ എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കി. എന്നാൽ, കേരളത്തിൽ വികസനപ്രവർത്തനങ്ങളൊന്നും നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസും ബിജെപിയും. കേന്ദ്രം അംഗീകരിച്ചാൽ കെ റെയിലും കേരളത്തിൽ നടപ്പാക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി പുല്ലുവിള സ്റ്റാൻലി അധ്യക്ഷനായി.
ജാഥാ ക്യാപ്ടൻ പി പി ചിത്തരഞ്ജൻ എംഎൽഎ, മന്ത്രി വി ശിവൻകുട്ടി, സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, ഫെഡറേഷൻ പ്രസിഡന്റ് കൂട്ടായി ബഷീർ, സി ജയൻബാബു, ആർ രാമു, കെ എസ് സുനിൽകുമാർ, എസ് പുഷ്പലത, എസ് എ സുന്ദർ, എൻ സുന്ദരംപിള്ള, എസ് ജയിൽ കുമാർ, ഇ കെന്നടി, ആർ ജെറാൾഡ്, എ സ്നാഗപ്പൻ, എസ് സലീം, ഷാജഹാൻ വെട്ടുമ്പുറം, ജോൺസൺ മെൽക്കീസ്, ആന്റോ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.















