ഇടുക്കി > ഇടുക്കിയുടെ എല്ലാ പ്രശ്നങ്ങള്ക്കുമൊപ്പം എല്ഡിഎഫ് സർക്കാർനിന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാവരുമായി ചര്ച്ച നടത്തിയാണ് ഭൂചട്ട പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടത്. ഭൂപ്രശ്നങ്ങളില് സര്ക്കാരിന് ഒന്നും മറച്ചുവയ്ക്കാന് ഇല്ല. 2021ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ (ഭൂപ്രശ്നങ്ങള് )വാഗ്ദാനം യാഥാര്ത്ഥ്യമാക്കിയെന്നും നടപ്പാക്കാന് സാധിക്കുന്ന കാര്യമേ എല്ഡിഎഫ് പറയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂനിയമ ഭേദഗതി ബില് പാസാക്കിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്ക്കും ഇടുക്കി ചെറുതോണിയില് നല്കിയ പൗരസ്വീകരണത്തിനിടയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിയേറ്റ ജനതയെ വിശ്വാസത്തിലെടുത്താണ് സര്ക്കാര് പ്രവര്ത്തിക്കുന്നത്. ഇരട്ടയാറിലെ 10 ചെയിന് പ്രദേശത്തുള്ളവര്ക്ക് പട്ടയം നല്കി. കഴിഞ്ഞ രണ്ട് വര്ഷത്തിനിടെ 6000 ഓളം പേര്ക്ക് പട്ടയം നല്കി. ഇടുക്കി ഡാമിലെ 3 ചെയിന് പ്രദേശത്തെ പട്ടയത്തിൽനിലനില്ക്കുന്ന തടസം നീക്കി. ഇടുക്കി മെഡിക്കല് കോളേജിലെ അടിസ്ഥാന സൗകര്യങ്ങള് വര്ധിപ്പിച്ചു. ആശുപത്രി പ്രവര്ത്തിക്കാന് വേണ്ട ഉപകരണങ്ങള് ലഭ്യമാക്കാന് ഇടപെടല് നടത്തി. കൂടാതെ വിളകള് നശിപ്പിക്കുന്ന കാട്ടു പന്നികളെ കൊല്ലാന് ഉള്ള അധികാരം പഞ്ചായത്തിന് നല്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.