നെടുമ്പാശേരി
ഇസ്രയേലിൽ സുരക്ഷിതരായിരുന്നെങ്കിലും രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും നിർബന്ധത്തിലാണ് തങ്ങൾ മടങ്ങിയെത്തിയതെന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ ആദ്യസംഘത്തിലെ പോസ്റ്റ് ഡോക്ടറൽ വിദ്യാർഥികളായ നിള നന്ദയും ദിവ്യ റാമും ഗോപിക ഷിബുവും. സമാധാനം പുനഃസ്ഥാപിച്ചാൽ ഉടൻ മടങ്ങുമെന്നും ഇവർ പറഞ്ഞു.
‘ഇസ്രയേൽ–-ഗാസ അതിർത്തിയിലാണ് യുദ്ധം രൂക്ഷം. അവിടെ ദുരിതജീവിതമാണ്. ഞങ്ങൾ തെക്കൻ പ്രവിശ്യയിലായതിനാൽ കെടുതികളുണ്ടായില്ല. യുദ്ധം തുടങ്ങിയ ദിവസംമാത്രമാണ് അവിടെ യുദ്ധവിമാനങ്ങളുടെ ഇരമ്പലും ജനങ്ങളിൽ ഭീതിയും കണ്ടത്. പിന്നീട് ശാന്തമായി. യുദ്ധസാഹചര്യമില്ലാത്ത ഭാഗങ്ങളിലെ ഇന്ത്യൻ വിദ്യാർഥികളും ജോലി ചെയ്യുന്നവരും നാട്ടിലേക്കു മടങ്ങാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നില്ല‘–- വിദ്യാർഥികൾ പറഞ്ഞു.
ഇസ്രയേലിൽനിന്ന് ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഡൽഹിയിൽ എത്തിയ ആദ്യസംഘത്തിലെ യാത്രക്കാരായ കണ്ണൂർ മാചേരി സ്വദേശി എം സി അച്യുത്, കൊല്ലം കിഴക്കുംഭാഗം ഗോപിക ഷിബു, പെരിന്തൽമണ്ണ മേലാറ്റൂർ ശിശിര മാമ്പറംകുന്നത്ത്, മലപ്പുറം ചങ്ങരംകുളം രാധികേഷ് രവീന്ദ്രൻനായർ, ഭാര്യ ടി പി രസിത എന്നിവർ നോർക്ക ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിലാണ് വെള്ളി പകൽ 2.20 ഓടെ നെടുമ്പാശേരിയിലിറങ്ങിയത്. തിരുവനന്തപുരം സ്വദേശിയായ ദിവ്യ റാമും പാലക്കാട് സ്വദേശി നിള നന്ദയും ഡൽഹിയിൽനിന്ന് സ്വന്തംനിലയ്ക്കാണ് നാട്ടിലെത്തിയത്. ഇസ്രയേലിൽനിന്ന് എത്തിയവരെ എ എം ആരിഫ് എംപി, നോർക്ക സെന്റർ മാനേജർ കെ ആർ റെജീഷ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തിരികെയെത്തുന്ന മലയാളികളെ സുരക്ഷിതരായി വീടുകളിലെത്തിക്കാൻ സംസ്ഥാന സർക്കാരും നോർക്കയും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ ഹെൽപ് ഡെസ്കും ഒരുക്കി.
ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചു. ഫോൺ: 011 23747079
ഇസ്രായേലിൽ നിന്ന് കേരളത്തിലേയ്ക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്റെ വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാം. ലിങ്ക് :https://keralahouse.kerala.gov.i/repatriation-of-keralites-from-israel.















