കോഴിക്കോട്
ജനപ്രീതിയും കലാമൂല്യവുമുള്ള ഒരുപിടി ചിത്രങ്ങൾക്കൊപ്പം മലയാളിയുടെ മനസിൽ പതിഞ്ഞ പേരാണ് ‘ഗൃഹലക്ഷ്മി’ പ്രൊഡക്ഷൻസ്. 1977ൽ പുറത്തിറങ്ങിയ സുജാത മുതൽ 2006ൽ തിയറ്ററിലെത്തിയ നോട്ട്ബുക്കുവരെ എക്കാലവും ഓർക്കാവുന്ന 22 ചലച്ചിത്രങ്ങൾ സമ്മാനിച്ചാണ് ഗൃഹലക്ഷ്മിയുടെ അമരക്കാരൻ പി വി ഗംഗാധരൻ വിടപറഞ്ഞത്.
കോഴിക്കോട്ടെ സൗഹൃദ കൂട്ടായ്മയാണ് പ്രിയപ്പെട്ടവരുടെ പി വി ജിയ്ക്ക് സിനിമയിലേക്ക് വാതിൽ തുറന്നത്. ഐ വി ശശി, ഹരിഹരൻ തുടങ്ങിയവരുമായുള്ള അടുപ്പം അതിലേക്കുള്ള താക്കോലായി. ഹരിഹരന്റെ സംവിധാനത്തിൽ ആദ്യ നിർമാണ സംരംഭമായി 1977 ൽ ‘സുജാത’ വെള്ളിത്തിരയിലെത്തി. അതോടെ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസും പി വി ജിയും നിർമാണരംഗത്തെ തിളങ്ങുന്ന പേരായി. പിന്നീട് ഐ വി ശശിയുടെ ‘മനസാ വാച കർമണാ’, ജയൻ നായകനായ അങ്ങാടി, അഹിംസ, ബാലചന്ദ്രമേനോന്റെ ചിരിയോ ചിരി തുടങ്ങിയ ഹിറ്റുകൾ പിറന്നു.
ഗൃഹലക്ഷ്മിയുടെ ലോഗോയിലെ കുടമേന്തിയ വനിതയും കുഞ്ഞും വിജയമുദ്രയായി. ഇന്നത്തെ പല മുതിർന്ന താരങ്ങളുടെയും സംവിധായകരുടെയും ആദ്യഹിറ്റുകൾ ഗൃഹലക്ഷ്മിയിലൂടെയാണ്. ജീവിതഗന്ധിയായ പ്രമേയങ്ങളായിരുന്നു ആ സിനിമകളുടെ കാതൽ. നാട്ടിൻപുറക്കഥകളും നന്മകളുമായിരുന്നു അവയുടെ ജീവൻ. ഭരതൻ, സത്യൻ അന്തിക്കാട്, ഷാജി കൈലാസ്, സിബി മലയിൽ, വി എം വിനു, പ്രിയദർശൻ, റോഷൻ ആൻഡ്രൂസ് തുടങ്ങിയ സംവിധായകർക്കൊപ്പം നവാഗതർക്കും അവസരം നൽകി. കാണാക്കിനാവ്, ശാന്തം സിനിമകൾക്ക് ദേശീയ പുരസ്കാരം ലഭിച്ചു. വടക്കൻ വീരഗാഥ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ, നോട്ട് ബുക്ക്, കാണാക്കിനാവ് എന്നിവ സംസ്ഥാന പുരസ്കാരവും നേടി. നോട്ടുബുക്കിനുശേഷം നിർമാണത്തിൽനിന്ന് പിൻവാങ്ങിയെങ്കിലും ഗൃഹലക്ഷ്മിയുടെ തുടർച്ചയായി ‘എസ് ക്യൂബ്’ എന്ന നിർമാണ കമ്പനിയുമായി മക്കളായ ഷെനുഗയും ഷെഗ്നയും ഷെർഗയും ആ പാതയിലുണ്ട്.