സാവോപോളോ
പരിക്കുമാറി നായകൻ ലയണൽ മെസി തിരിച്ചെത്തിയ മത്സരത്തിൽ അർജന്റീന പരാഗ്വേയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു. ജയത്തോടെ ലാറ്റിനമേരിക്കൻ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ പോരാട്ടത്തിൽ അർജന്റീന ഒന്നാമതെത്തി. മൂന്നു കളിയിൽ ഒമ്പത് പോയിന്റുമായാണ് ചാമ്പ്യൻമാർ ഒന്നാമത് നിൽക്കുന്നത്. മറ്റൊരു മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ബ്രസീലിനെ വെനസ്വേല സമനിലയിൽ (1-–1) തളച്ചു. മൂന്നു മത്സരങ്ങളിൽ ഏഴ് പോയിന്റുള്ള ബ്രസീൽ രണ്ടാമതാണ്.
രണ്ടാംപകുതിയുടെ 53–-ാംമിനിറ്റിലാണ് മെസി കളത്തിലെത്തിയത്. മെസിയുടെ രണ്ട് ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങി. കളി തുടങ്ങി മൂന്നാംമിനിറ്റിൽ ലഭിച്ച കോർണറിൽനിന്ന് പ്രതിരോധതാരം നിക്കൊളാസ് ഓട്ടോമെൻഡിയാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. പെറുവുമായാണ് അർജന്റീനയുടെ അടുത്ത മത്സരം.
ആദ്യ രണ്ട് കളിയും ജയിച്ച് തുടങ്ങിയ ബ്രസീൽ സ്വന്തം ഗ്രൗണ്ടിൽ ആദ്യമായി വെനസ്വേലയ്ക്കെതിരെ ജയം കൈവിട്ടു. നെയ്മർ, വിനീഷ്യസ്, റിച്ചാർലിസൺ എന്നിവർ അണിനിരന്നിട്ടും ആദ്യപകുതിയിൽ ഗോൾ അകന്നുനിന്നു. രണ്ടാംപകുതിയുടെ തുടക്കത്തിൽ നെയ്മറുടെ കോർണർ കിക്കിൽനിന്ന് ഗബ്രിയേൽ മഗാലിയസ് ബ്രസീലിനെ മുന്നിലെത്തിച്ചു. കളി തീരാൻ അഞ്ച് മിനിറ്റ് ബാക്കിനിൽക്കെ എഡ്വേർഡോ ബെല്ലോ നേടിയ മനോഹര ഗോളിലാണ് വെനസ്വേല ബ്രസീലിനെ തളച്ചത്. ഉറുഗ്വേയുമായാണ് ബ്രസീലിന്റെ അടുത്ത മത്സരം. മറ്റു മത്സരങ്ങളിൽ ഉറുഗ്വേയും കൊളംബിയയും 2–-2 സമനിലയിൽ പിരിഞ്ഞു. ബൊളീവിയയെ ഇക്വഡോർ ഒന്നിനെതിരെ രണ്ട് ഗോളിനും പെറുവിനെ ചിലി എതിരില്ലാത്ത രണ്ട് ഗോളിനും തോൽപ്പിച്ചു.